ഹഗിയ സോഫിയ മോസ്‌ക്കായി മാറ്റിയത് മുറിവുകള്‍ വീണ്ടും തുറക്കാന്‍ കാരണമാകും: കര്‍ദിനാള്‍ ചാള്‍സ് ബോ

മ്യാന്‍മര്‍: 86 വര്‍ഷങ്ങള്‍ക്ക് ശേഷം ഹഗിയ സോഫിയ മോസ്‌ക്കായി മാറ്റിയ നടപടി പഴയ മുറിവുകള്‍ വീണ്ടും തുറക്കാനും വിഭജനം വര്‍ദ്ധിപ്പിക്കാനുമേ സഹായിക്കൂ എന്ന് കര്‍ദിനാള്‍ ചാള്‍സ് ബോ.

ലോകത്തിലെ ഏറ്റവും വലിയ കത്തീഡ്രല്‍ മോസ്‌ക്കായി മാറ്റാനും സംഘര്‍ഷം വിതയ്ക്കാനും ജനങ്ങളെ തിരിക്കാനും വേദന സൃഷ്ടിക്കാനും എങ്ങനെയാണ് കഴിയുന്നത്.? ഇത് മുറിവുകള്‍ വീണ്ടും തുറക്കാനേ സഹായകരമാകൂ.മ്യാന്‍മറിലെ യാങ്കോണ്‍ ആര്‍ച്ച് ബിഷപ്പായ കര്‍ദിനാള്‍ ബോ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. യഥാര്‍ത്ഥ മതസ്വാതന്ത്ര്യത്തിന് മറ്റുള്ളവരുടെ മതസ്വാതന്ത്ര്യത്തെ ആദരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഫെഡറേഷന്‍ പ്രസിഡന്റ് കൂടിയാണ് കര്‍ദിനാള്‍ ബോ. തുര്‍ക്കി പ്രസിഡന്റ് ഏര്‍ദോഗന്‍ ജൂലൈ 10 നാണ് ഹഗിയ സോഫിയ മോസ്‌ക്കായി മാറ്റുന്നുവെന്ന വിവരം പ്രഖ്യാപിച്ചത്. ലോകവ്യാപകമായി എതിര്‍്പ്പു ക്ഷണിച്ചുവരുത്തിയ പ്രഖ്യാപനമായിരുന്നു അദ്ദേഹത്തിന്റേത്.