ബൈബിള്‍ പ്രസാധന രംഗത്ത് പുതിയ കാല്‍വയ്പ്, ഹീബ്രുവിലും ഗ്രീക്കിലുമുള്ള പഠനപതിപ്പുകള്‍ ഇന്ത്യയില്‍ ആദ്യമായി പ്രസിദ്ധീകരിച്ചു

കോട്ടയം: ബൈബിള്‍ പ്രസാധന രംഗത്ത് പുതിയ കാല്‍വയ്പായി ഹീബ്രുവിലും ഗ്രീക്കിലുമുള്ള പഠനപ്പതിപ്പുകള്‍ ഇന്ത്യയില്‍ ഇദംപ്രഥമമായി ബൈബിള്‍സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചു. പഴയ നിയമത്തിന്റെ മൂലഭാഷയായ ഹീബ്രുവിലും പുതിയ നിയമത്തിന്റെ മൂലഭാഷയായ ഗ്രീക്കിലും തയ്യാറാക്കിയിരിക്കുന്ന ഈ പതിപ്പുകള്‍ വൈദികവിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല ഭാഷാ പഠിതാക്കള്‍ക്കും ഏറെ ഉപകാരപ്രദമാണ്.

ബൈബിള്‍ പഠനത്തിനും ഗവേഷണത്തിനും അത്യന്താപേക്ഷിതമായ മൂലഭാഷകളിലെ ആധികാരികപതിപ്പുകള്‍ ഇതേവരെ പ്രസിദ്ധീകരിച്ചിരുന്ന ജര്‍മ്മന്‍ ബൈബിള്‍ സൊസൈറ്റിയുമായി ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറിയും കോട്ടയംസ്വദേശിയുമായ റവ ഡോ .മാണി ചാക്കോ നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ് ഇന്ത്യയില്‍ പ്രസിദ്ധീകരിക്കാനുള്ള ധാരണയില്‍ എത്തിച്ചേര്‍ന്നതും അന്താരാഷ്ട്രനിലവാരത്തില്‍ പ്രസിദ്ധീകരണം പൂര്‍ത്തീകരിച്ചതും.

ബൈബിളിന്റെ പുരാതന കൈയെഴുത്തുപ്രതികളെ അധികരിച്ച് വിവിധ സര്‍വകലാശാലകളില്‍ നടക്കുന്ന ഗവേഷണങ്ങളുടെ കണ്ടെത്തലുകള്‍ സമാഹരിച്ച് വേദശാസ്ത്രത്തില്‍ ഉന്നതപഠനത്തിന് സഹായകരമായ രീതിയിലാണ് പുതിയ പതിപ്പുകള്‍ തയ്യാറാക്കിയിരിക്കുന്നത്.