ഈശോയുടെ തിരുരക്തത്തിന്റെ വണക്കത്തിന് വേണ്ടി നീക്കിവച്ചിരിക്കുന്ന മാസമാണ് ജൂലൈ. ഈശോയുടെ തിരുരക്തത്തെക്കുറിച്ചുള്ള ഭക്തിയിലും വിശ്വാസത്തിലും കൂടുതലായി വളരാന്‍ സഹായകരമായ ഈ മാസത്തില്‍ അതോടൊപ്പം നാം ചേര്‍ത്തുവായിക്കേണ്ട ഒരു പേരാണ് വിശുദ്ധ ലോങ്കിനോസ്.. പേരു കേള്‍ക്കുമ്പോള്‍ എവിടെയോ കേട്ടിട്ടുള്ളതുപോല ചിലര്‍ക്കെങ്കിലും തോന്നിയേക്കാം.സുവിശേഷത്തില്‍ നാം കണ്ടുമുട്ടുന്ന കഥാപാത്രമാണ് ലോങ്കിനോസ്. ഈശോയുടെ വിലാപ്പുറത്ത് കുന്തം കൊണ്ട്കുത്തിയപ്പോള് ചീറ്റിത്തെറിച്ച തിരുരക്തം അന്ധനായ ലോങ്കിനോസിന്റെ കണ്ണു തുറന്നുവെന്നാണല്ലോ വിശ്വാസം.
ഈ മനുഷ്യന് സത്യമായും ദൈവപുത്രനായിരുന്നുവെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞതും ലോങ്കിനോസായിരുന്നു. അതോടെ അയാളുടെ ജീവിതം മാറിമറിഞ്ഞു. ആന്തരികമായി കൂടി അയാളുടെ കണ്ണ് തുറക്കപ്പെട്ടു. പിന്നീട് രക്തസാക്ഷിയായിട്ടാണ് ലോങ്കിനോസ് മരണമടഞ്ഞത്. തന്റെ വിശ്വാസം സംരക്ഷിക്കുന്നതിനായിട്ടാണ് ലോങ്കിനോസ് രക്തസാക്ഷിയായത്.
ഈശോയുടെ തിരുരക്തത്തിന്റെ ശക്തി ആദ്യമായി ലോകത്ത് വ്യക്തമാക്കിക്കൊടുത്തത് ലോങ്കിനോസിന്റെ ഈ അനുഭവമായിരുന്നു.
എങ്കിലും വാഴ്ത്തപ്പെട്ട ഫാ. ഗാസ്പര്‍ ഡി ബുഫാലോയിലൂടെയാണ് സഭയില്‍ തിരുരക്തത്തോടുള്ള ഭക്തി പ്രചരിപ്പിക്കപ്പെട്ടത്.
നമുക്കും തിരുരക്തത്തില്‍ അഭയം തേടാം. സംരക്ഷണത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യാം.