പോര്‍ട്സ്മൗത്ത്: ദൈവാലയങ്ങളിലെ വിശുദ്ധ കുര്ബാനകളിലേക്കും സ്വകാര്യപ്രാര്ത്ഥനകളിലേക്കും വിശ്വാസികള്‍ മടങ്ങിവരണമെന്ന് പോര്ടസ്മൗത്ത് ബിഷപ് ഫിലിപ്പ് ഇഗന്റെ അഭ്യര്‍ത്ഥന. ഞാന്‍ എല്ലാവരോടുമായി പറയുന്നു, മടങ്ങിവരിക ദേവാലയങ്ങളിലേക്ക്..വിശുദ്ധ കുര്‍ബാനയിലേക്ക്.. സ്വകാര്യപ്രാര്ത്ഥനകളിലേക്ക്. ദിവ്യസക്രാരിയില്‍ എഴുന്നെള്ളിയിരിക്കുന്ന യേശുക്രിസ്തുവിലേക്ക്.. നിങ്ങളെ സത്യമായും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ അസന്നാനിധ്യം ഞങ്ങളെ വല്ലാതെയാക്കുന്നുണ്ട്. അദ്ദേഹം ഇടയലേഖനത്തില്‍ പറയുന്നു.
കൊറോണ വൈറസ് വ്യാപനം അസാധാരണമായ ഒന്നായിരുന്നു. എന്നാല്‍ ഇന്ന് സ്കൂളുകളും മറ്റും സാധാരണ നിലയിലേക്ക് മാറിക്കഴിഞ്ഞു. നാം എല്ലാവരും സുരക്ഷിതരായിരിക്കേണ്ടതുണ്ട്. പകര്‍ച്ച വ്യാധികള്‍ അവസാനിക്കാനായി നാം പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു. വാക്സിന് കണ്ടുപിടിക്കാനും സാധാരണ ജീവിതം പുനസ്ഥാപിക്കാനുമായി പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു. ചിലര്‍ക്ക് കുര്‍ബാനകളിലേക്ക് മടങ്ങുന്നതിന് അസൗകര്യം ഉണ്ടായിരിക്കാം. എന്നാല്‍ ഭൂരിപക്ഷത്തിനും അത്തരം പ്രശ്നങ്ങളില്ല. പലരും ഓണ്‍ലൈനില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ദിവ്യകാരുണ്യത്തിലൂടെ ഈശോയെ സ്വീകരിക്കാന്‍ അവിടെ സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ എല്ലാവരും ദേവാലയങ്ങളിലേക്ക് മടങ്ങണം. അദ്ദേഹം പറയുന്നു.