അതിരമ്പുഴ:ഒറ്റയ്ക്ക് കുര്‍ബാന അര്‍പ്പിക്കാന്‍ പോലും വൈദികന് അവകാശമില്ലേ?

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വിശ്വാസികളെ ആരെയും പങ്കെടുപ്പിക്കാതെ ഒറ്റയ്ക്ക് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വൈദികനെ ഏറ്റുമാനൂര്‍ പോലീസ്, സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചതായ വാര്‍ത്തവായിക്കുമ്പോള്‍ സാധാരണക്കാരനായ ഒരു വിശ്വാസിക്ക് തോന്നുന്ന സംശയമാണ് ഇത്. ഇതെന്തു ലോകമാണ്. ഇതെന്തു നാടാണ്? കോവിഡ് മാനദണ്ഡങ്ങള്‍ തെറ്റിക്കാതെ കുര്‍ബാന അര്‍പ്പിച്ചതിനെ പോലും ചോദ്യം ചെയ്യാന്‍ നിയമപാലകര്‍ രംഗത്ത് വരുന്നു എന്നത് നമ്മുടെ മതസ്വാതന്ത്ര്യത്തിന് നേരെയുളള വെല്ലുവിളിയും ഭീഷണിയുമാണെന്ന് മറക്കരുത്.

കോഴിക്കോട് ജില്ലയിലെ പള്ളികള്‍ക്കു നേരെയും സമാനമായ രീതിയിലുള്ള കടന്നുകയറ്റം ഉണ്ടായതായി വാര്‍ത്തയുണ്ടായിരുന്നു. വൈദികന്‍ ബലി അര്‍പ്പിക്കേണ്ടവനാണ്. അതിന് അദ്ദേഹത്തിന് സ്വാതന്ത്ര്യവും അധികാരവുമുണ്ട്. ആ അധികാരം ചോദ്യം ചെയ്യപ്പെടേണ്ടതല്ല. മറിച്ച് വിധേയപ്പെടേണ്ടതാണ്. ക്രൈസ്തവ സമൂഹത്തിലെ ഒരു പുരോഹിതനു പകരം മറ്റേതെങ്കിലും മതസമൂഹത്തിലെ ഒരു പുരോഹിതനായിരുന്നു ഇത്തരമൊരു നടപടിയെ നേരിടേണ്ടതെങ്കില്‍ ഇവിടെ എന്താകുമായിരുന്നു സ്ഥിതി?

അല്ലെങ്കില്‍ അത്തരമൊരു നടപടിയെടുക്കാന്‍ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥന്‍ തയ്യാറാകുമോ? ഇല്ല എന്നുതന്നെയാണ് അതിനുള്ള മറുപടി. കാരണം ക്രൈസ്തവരോട് ഇവിടെ എന്തുമാകാം. ഒരുപരിധിക്കപ്പുറമുള്ള പ്രക്ഷോഭങ്ങള്‍ക്കോ പ്രതികരണങ്ങള്‍ക്കോ ക്രൈസ്തവര്‍ പോകില്ല എന്ന ധാരണ തന്നെയാണ് അതിന് കാരണം. അതുകൊണ്ടുതന്നെ ഇനിയും ഇത്തരത്തിലുള്ള സ്ഥിതിവിശേഷങ്ങള്‍ ഇവിടെ ആവര്‍ത്തിക്കപ്പെട്ടേക്കാം. നാളെ അത് വീടുകളിലെ സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ഒന്നിലധികം ആളുകളുണ്ട് എന്ന പേരില്‍ തടസ്സപ്പെടുത്താനും പോലീസ് വന്നേക്കാം. ചൈനയിലും മറ്റും സംഭവിക്കുന്നതുപോലെ..

ഇപ്പോഴത്തെ നമ്മുടെ നിശ്ശബ്ദത നാളെത്തെ ചില അപകടങ്ങള്‍ ക്ഷണിച്ചുവരുത്താനുള്ള നിശ്ശബ്ദത കൂടിയാണെന്ന് മറക്കരുത്.