വിഷാദത്തിന്റെ ഉരുള്‍പ്പൊട്ടലില്‍ കുത്തിയൊലിച്ചുപോകാത്ത ഏതെങ്കിലും ജീവിതമുണ്ടാവുമോ ഈ വാഴ് വില്‍/? നിനച്ചിരിക്കാത്ത നേരത്ത്, അകാരണമായും സകാരണമായും ഏതൊക്കെയോ വിഷാദങ്ങളുടെ ഭാരവുമായി നടന്നുനീങ്ങുന്നവരാണ് പലരും. അപ്പോഴൊക്കെ ഇത്തിരി ആശ്വാസം നാം പ്രതീക്ഷിക്കും.
നെഞ്ചില്‍ കനച്ചുനില്ക്കുന്ന വിഷാദം എങ്ങനെയെങ്കിലും പെയ്തുതീര്‍ന്നിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കും.
അതിനായി ഓരോരുത്തരും ഓരോ മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കും.
എന്നാല്‍ പരമമായ ശാന്തിയും സമാധാനവും നല്കാന്‍ അവയ്‌ക്കൊന്നിനും കഴിയുകയില്ല, ആത്മീയതയ്ക്കല്ലാതെ.
കൃത്യമായ ഇത്തരം ചിന്തകളെ രേഖപ്പെടുത്തുകയാണ്, രണ്ടുദിവസം മുമ്പ് യൂട്യൂബില്‍ റീലിസ് ചെയ്ത, ഫാ. ബിജു മഠത്തിക്കുന്നേല്‍ സിഎസ്എസ് ആര്‍ എഴുതിയ ഇനിയുമീ നൊമ്പരക്കാറ്റമര്‍ന്നിടുമോ എന്ന ഗാനം.
ഇതിലെ അവസാന ചരണത്തിലെ വരികള്‍ ഒരേ സമയം പ്രാര്‍ത്ഥനയും ഏതോ ഒരു സ്‌നേഹത്തിന് വേണ്ടിയുള്ള അദമ്യമായ ആഗ്രഹവുമാണ്.
നിന്‍വിരല്‍ത്തുമ്പെന്റെ വ്രണിതമാം ജീവനില്‍
നിശ്ചയമൗഷധസ്പര്‍ശനം തീര്‍ക്കണേ
നിദ്രാവിഹീനമാം രാത്രികളേകുന്ന
നിറയുമീ മിഴികള്‍ തന്‍ കണ്ണീരകറ്റണേ
എന്നതാണ് ഒരേസമയം പ്രാര്‍ത്ഥനയും ധ്യാനവും ആഗ്രഹവുമാകുന്ന ആ വരികള്‍.
ഏതൊരാളുടെയും ജീവിതത്തിലെ വികാരവിചാരങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ഈ ഗാനം. മിഴിനീരു നിറയുന്ന രാത്രിയാമങ്ങളും മണല്‍ക്കാറ്റിലൂഴറുന്ന മരുഭൂമിയാത്രകളും ആരുടെ ജീവിതത്തിലാണ് ഇല്ലാത്തത്?
എല്ലാവരും ജീവിതത്തില്‍ അനുഭവിക്കുന്ന ഇത്തരം നിമിഷങ്ങളെയാണ് ഈഗാനം അടയാളപ്പെടുത്തുന്നത്. അങ്ങനെ അത് എന്റെയും നിന്റെയും ഗാനമായി മാറുന്നു. താദാത്മീകരണം എന്ന ഉന്നതകാവ്യാനൂഗുണം ഇവിടെ സമര്‍ത്ഥമായി വിന്യസിക്കപ്പെടുന്നു. ഇങ്ങനെയൊരു ഗുണം ഉള്ളതുകൊണ്ടാണ് യൂട്യൂബില്‍ റീലിസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആയിരക്കണക്കിന് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ ഈ ഗാനത്തിന് കഴിഞ്ഞത്.
ലോക്ക് ഡൗണ്‍ കാലത്ത് ചിത്രീകരിക്കപ്പെട്ടതാണ് ഗാനം. ഗാനം പാടി അഭിനയിച്ചിരിക്കുന്നത് ആന്‍സണ്‍ ആന്റണിയാണ്. ജോയികുമാര്‍ ഇറ്റലി ഈണവും ജേക്കബ് കൊരട്ടി ഓര്‍ക്കസ്‌ട്രേഷനും നിര്‍വഹിച്ചിരിക്കുന്നു.
ജീവിതത്തിലെ വിഷാദങ്ങളുടെ ഇരുണ്ട യാമങ്ങളില്‍ ഇനി നമ്മുടെ ചുണ്ടിലും ഒരു പ്രാര്‍ത്ഥനയായി ഈ വരികള്‍ മാറട്ടെ,
ഇനിയുമീ നൊമ്പരക്കാറ്റമര്‍ന്നീടുമോ…?