മൂന്ന് റിഡംപ്റ്ററിസ്റ്റ് വൈദികര്‍ക്ക് കോവിഡ് 19; ടെക്‌സാസില്‍ ദേവാലയം വീണ്ടും അടച്ചു

ടെക്‌സാസ്: ലോക്ക് ഡൗണിന് ശേഷം വിശ്വാസികള്‍ക്കായി തുറന്നുകൊടുത്ത ദേവാലയം വീണ്ടും അടച്ചു. ദേവാലയത്തിന്റെ ചുമതലയുള്ള മൂന്ന് റിഡംപ്റ്ററിസ്റ്റ് വൈദികര്‍ക്ക് കോവിഡ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്. ഹോളി ഗോസ്റ്റ് ഇടവക ദേവാലയമാണ് ഇപ്രകാരം വീണ്ടും അടച്ചത്. മെയ് രണ്ടിനാണ് ദേവാലയം ആഴ്ചകള്‍ക്ക് ശേഷം തുറന്നുകൊടുത്തത്.

എന്നാല്‍ അധികം വൈകാതെ കോവിഡ് ലക്ഷണങ്ങള്‍ വൈദികര്‍ക്ക് പ്രത്യക്ഷപ്പെടുകയായിരുന്നു. താനുള്‍പ്പടെ മൂന്നുവൈദികര്‍ക്ക് കോവിഡ് ലക്ഷണങ്ങളുള്ളതായി ദേവാലയവികാരി ഫാ. വില്യം മെയ് 16 ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇതേസമയം ഫാ. ഡോണല്‍ എന്ന 79 കാരന്‍ മരണമടഞ്ഞു. അദ്ദേഹത്തിന്റെ മരണം കോവിഡ് കാരണമാണോ എന്ന് തീരുമാനമായിട്ടില്ല. പക്ഷേ ന്യൂമോണിയ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നുമില്ല. മരുന്നു നല്കി ഡോക്ടേഴ്‌സ് തിരിച്ചയ്ക്കുകയാണ് ചെയ്തത്. തിരിച്ചെത്തിയ അദ്ദേഹം കമ്മ്യൂണിറ്റിയിലെ ഇതര ഏഴ് അംഗങ്ങളുമായി അടുത്ത് ഇടപഴകുകയും ചെയ്തിരുന്നു. അച്ചന്റെ മരണത്തിന് ശേഷം പരിശോധനയ്ക്ക് വിധേയമായപ്പോഴാണ് മൂന്ന് വൈദികര്‍ക്ക് കോവിഡ് 19 കണ്ടെത്തിയത്.