മംഗളവാര്‍ത്താക്കാലം
ഒമ്പതാം ദിവസം
അസാധ്യം
മറിയം ദൂതനോട് പറഞ്ഞു, ഇതെങ്ങനെ സംഭവിക്കും?.. നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ. അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്ന് മറഞ്ഞു( ലൂക്ക 1; 34-37)
മനുഷ്യന് അസാധ്യമായ ഒരുപിടി കാര്യങ്ങളുണ്ട് ഈ ജീവിതത്തില്‍. പലതും കൈക്കരുത്തുകൊണ്ടും മനക്കരുത്തുകൊണ്ടും സാങ്കേതികത കൊണ്ടും മനുഷ്യന്‍ സാധ്യമാക്കിക്കഴിഞ്ഞു. എന്നിട്ടും ചിലതൊക്കെ അവന് അപ്രാപ്യമായി ഇന്നും നിലനില്ക്കുന്നു.മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. ദൈവത്തിന്റെ കരം അസാധ്യങ്ങളുടെ മേല്‍ ആശീര്‍വാദം പോലെ ഉയരുമ്പോള്‍ എല്ലാം സാധ്യമാകുന്നു. ഒരു കുഞ്ഞിന് വേണ്ടി വര്‍ഷങ്ങളോളം പ്രാര്‍ത്ഥനയും പിന്നീട് ചികിത്സയും ഒടുവില്‍ ഐവിഎഫ് വരെയെത്തി നിന്ന ആലോചനയുമായി കഴിച്ചുകൂട്ടിയ ഒരു സുഹൃത്തുണ്ട്. എന്നാല്‍ അടുത്ത ചില വൈദികര്‍ അവരെ അത്തരമൊരു തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. എന്തായാലും ഐവിഎഫ് വേണോ വേണ്ടയോ എന്ന് ആലോചിച്ച് ഏറെ നാള്‍ പിന്നെയും കടന്നുപോയി. ഒടുവില്‍ അത് വേണ്ട എന്ന് അവര്‍ തീരുമാനിക്കുകയും ചെയ്തു. അതിനിടയില്‍ ചികിത്സനിലച്ചു. ഒരുപക്ഷേ പ്രാര്‍ത്ഥന പോലും ഇല്ലാതെപോയേക്കാം. അത് അങ്ങനെയാണല്ലോ ചില നിയോഗങ്ങള്‍ വച്ചുകൊണ്ടുള്ള പ്രാര്‍തഥനകള്‍ നിശ്ചിതപരിധിയും കാലവും കഴിയുമ്പോള്‍ നാം തന്നെ മറന്നുപോകും. അങ്ങനെയൊരു കാലത്താണ് സുഹൃത്ത് ഗര്‍ഭിണിയായത്. ചികിത്സ ഇല്ലാതിരുന്ന, പ്രാര്‍ത്ഥന പോലും ഇല്ലാതെയായ ഒരു അവസരത്തില്‍. സത്യത്തില്‍ അത് അസാധ്യമായ കാര്യമായിരുന്നു. പക്ഷേ… അത് ദൈവത്തിന്റെ സമയമായിരുന്നു. ജീവിതത്തിലെ പല അത്ഭുതങ്ങളും നാം കണ്ടുകൊണ്ടിരിക്കുന്നത് മനുഷ്യന്‍ അസാധ്യമെന്ന് പറഞ്ഞ് മാറിനില്ക്കുമ്പോഴാണ്. അതുവരെ സാധ്യമാണെന്ന മട്ടില്‍ നാം അഹങ്കരിക്കുന്നു, ശ്രമിക്കുന്നു. മനുഷ്യന്റെ അഹന്തയും ഈഗോയും അവസാനിക്കുന്ന നിമിഷങ്ങളില്‍, ദൈവത്തിന്റെ കൈകളിലേക്ക് സ്വയം ജീവിതം സമര്‍പ്പിച്ചുകൊടുക്കുന്ന വേളകളില്‍ അപ്പോഴാണ് അസാധ്യതകള്‍ സാധ്യമാകുന്നത്. ജീവിതം ദൈവഹിതപ്രകാരം ചിട്ടപ്പെടുന്നത്. ദൈവത്തിന്റെ വാക്ക് ജീവിതത്തില്‍ നിറവേറപ്പെടുമ്പോള്‍ അസാധ്യം സാധ്യമാകും. അപ്പോള്‍ ജീവിതത്തില്‍ അത്ഭുതം കടന്നുവരും. ദൈവമേ എന്റെ ജീവിതത്തിലെ അസാധ്യതകളിലേക്ക് നിന്റെ വാക്ക് നിറവേറ്റപ്പെടലായി കടന്നുവരണമേ. ആമ്മേന്‍