ലോകം മുഴുവന്‍ പ്രാര്‍ത്ഥനയിലൂടെ മരിയ സന്നിധിയിലേക്ക്…

ലോകം ഇതിന് മുമ്പൊരിക്കലും കടന്നുപോയിട്ടില്ലാത്ത അനുഭവങ്ങളിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. കൊറോണ എന്ന വൈറസ് ലോകത്തെ മുഴുവന്‍ നിശ്ചലമാക്കിയിരിക്കുകയാണല്ലോ.പലരും നിഷ്‌ക്രിയതയിലേക്കു വഴിമാറി. മറ്റ് ചിലര്‍ വിഷാദത്തിന് അടിമകളായി. ക്രിയാത്മകമായി ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു.

ആരാധനാലയങ്ങള്‍ ഇങ്ങനെ ലോകം മുഴുവന്‍ അടഞ്ഞുകിടക്കുന്ന സംഭവങ്ങളും ഇതിന് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. ശാസ്ത്രത്തിന് വരുതിയിലാക്കാന്‍ കഴിയാത്തവിധം വൈറസ് അതിന്റെ തേരോട്ടം തുടര്‍ന്നുകൊണ്ടിരിക്കുന്നു. മനുഷ്യനും അവന്റെ കഴിവുകളും നിസ്സഹായമായി നോക്കിനില്ക്കുന്ന ഈ സാഹചര്യത്തില്‍ ദൈവത്തിന്‌റെ കരങ്ങളിലേക്ക് ലോകത്തെയും നാംനേരിടുന്ന എല്ലാ പ്രതിസന്ധികളെയും സമര്‍പ്പിച്ചുകൊണ്ട് ഏകനായി വിജനമായ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പ്രാര്‍ത്ഥന നടത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന് നല്കിയ സന്ദേശം പ്രാര്‍ത്ഥനയിലൂടെ മാത്രം രക്ഷ എന്നതായിരുന്നു.

ആ പ്രാര്‍ത്ഥനയെ തുടര്‍ന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രാര്‍ത്ഥനകള്‍ നടന്നു, നടന്നുകൊണ്ടിരിക്കുന്നു. ഇപ്പോഴിതാ പരിശുദ്ധ അമ്മയോട് മാധ്യസ്ഥം യാചിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ക്ക് EWTN എന്ന കാത്തലിക് ടിവി നെറ്റ് വര്‍ക്ക് ആഹ്വാനം ചെയ്തിരിക്കുന്നു. ഇന്നു മുതല്‍ പരിശുദ്ധ അമ്മയോടുള്ള നൊവേന ചൊല്ലി പ്രാര്‍ത്ഥിക്കാനാണ് EWTN ന്റെ ആഹ്വാനം.

അമേരിക്കയില്‍ ഉടനീളം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവവിരുദ്ധതയുടെ ഭാഗമായികൂടിയാണ് ഈ നൊവേന പ്രാര്‍ത്ഥന. ഒക്ടോബര്‍ ഏഴിന് ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനത്തിലാണ് നൊവേന സമാപിക്കുന്നത്. ശാലോം ടിവിയുടെ ആഭിമുഖ്യത്തില്‍ ജപമാല മാസമായ ഒക്ടോബറില്‍ റോസറി വാര്‍ ആരംഭിക്കുകയാണ്. പത്തുലക്ഷം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാനാണ് ശാലോം ടിവി ചെയര്‍മാന്‍ ഷെവ ബെന്നി പുന്നത്തറയുടെ ആഹ്വാനം. ഇതിന് പുറമെ കരുണയുടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ ധ്യാനഗുരുവായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലും ആഹ്വാനം ചെയ്തിട്ടുണ്ട്.

ഒക്ടോബര്‍ അഞ്ചുവരെയുള്ള ദിവസം കൊണ്ടാണ് ഒരു ലക്ഷം കരുണയുടെ ജപമാല പ്രാര്‍ത്ഥനകള്‍ ചൊല്ലേണ്ടത്.
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് പ്രാര്‍ത്ഥനയുടെ നെടുവീര്‍പ്പുകള്‍ ഉയരുമ്പോള്‍ സ്വര്‍ഗത്തിന് കരുണ ചൊരിയാതിരിക്കാന്‍ കഴിയില്ലെന്ന് നമുക്ക്പ്രതീക്ഷിക്കാം.

പരിശുദ്ധഅമ്മേ ഞങ്ങള്‍ക്കായി പ്രത്യേകം മാധ്യസ്ഥം യാചിക്കണേ. ആമ്മേന്‍.