ഇറാക്കിലെ ക്രൈസ്തവരെക്കുറിച്ച് ഇക്കാര്യങ്ങള്‍ അറിയാമോ?

നാളെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്രപ്രധാനമായ ഇറാക്ക് പര്യടനം ആരംഭിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ 33 ാമത് അപ്പസ്‌തോലിക യാത്രയാണ്. വെറും രണ്ടു ശതമാനത്തില്‍ താഴെയുള്ള ഇറാക്കിലെ ക്രൈസ്തവരുടെ അവസ്ഥയെക്കുറിച്ച് ഏതാനും കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

വിശുദ്ധ ഗ്രന്ഥം മുതല്ക്ക് പാരമ്പര്യത്തിന്റെ വേരുകളുള്ള ഒരു മതവിഭാഗമാണ് ക്രൈസ്തവര്‍. വിശ്വാസികളുടെ പിതാവ് എന്ന് അറിയപ്പെടുന്ന അബ്രഹാം താമസിച്ചിരുന്നത് ഇന്നത്തെ ഇറാക്ക് പ്രദേശത്തായിരുന്നു. എഡി ഒന്നാം നൂറ്റാണ്ടുമുതല്‍ മൊസൊപ്പൊട്ടോമിയായില്‍ സുവിശേഷവല്‍ക്കരണം ആരംഭിച്ചിരുന്നു. പ്രധാനപ്പെട്ട ക്രിസ്ത്യന്‍ സമൂഹമായ ഇന്നത്തെ കല്‍ദായ സഭ സ്ഥാപിച്ചത് സെന്റ് തോമസായിരുന്നു. 90 ാമാണ്ട് മുതല്‍ ഇവിടുത്തെ ക്രൈസ്തവസഭ മിഷനറിമാരെ ഇന്ത്യയിലേക്കും ചൈനയിലേക്കും അയച്ചിരുന്നു. ഇപ്പോള്‍ മുസ്ലീം ഭൂരിപക്ഷരാജ്യമാണ് ഇറാക്ക് എങ്കിലും മുസ്ലീമുകള്‍ക്ക് മുമ്പ് തന്നെ ഇവിടെ ക്രൈസ്തവരുണ്ടായിരുന്നു.

അക്രമം, വിവേചനം,സാമ്പത്തികമായ ചുറ്റുപാടുകള്‍ എന്നിവ കൊണ്ട് പതിനായിരക്കണക്കിന് ഇറാക്കികളാണ് രാജ്യം വിട്ടുകൊണ്ടിരിക്കുന്നത്. രണ്ടായിരമാണ്ടില്‍ ഒന്നര മില്യന്‍ ക്രൈസ്തവരാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴവരുടെ എണ്ണം മൂന്നുലക്ഷത്തിലും താഴെയാണ്. ഇതില്‍ ഒന്നരലക്ഷത്തോളം ആളുകളും പോയിക്കഴിഞ്ഞതായി വേറെ ചില കണക്കുകളും പറയുന്നു. നിനവെ പ്ലെയ്ന്‍ ഏറെക്കുറെ ശൂന്യമായിക്കഴിഞ്ഞിരിക്കുന്നു. ഇവിടെയുള്ള ക്രൈസ്തവരില്‍ 250,000 പേര്‍ മാത്രമേ കത്തോലിക്കരായിട്ടുള്ളൂ. ഇവിടത്തെ കത്തോലിക്കാസഭയ്ക്ക് ആകെ 19 മെത്രാന്മാരും 113 രൂപതാ വൈദികരും 40 സന്യാസ വൈദികരും 20 ഡീക്കന്മാരും മാത്രമേയുള്ളൂ. 32 സെമിനാരിക്കാര്‍ ഓര്‍ഡിനേഷന് വേണ്ടി കാത്തിരിക്കുന്നു.

ഇവിടെയുള്ള പല സ്ഥാപനങ്ങളുംം കത്തോലിക്കാസഭയുമായി ബന്ധപ്പെട്ടാണിരിക്കന്നത്. 55 പ്രൈമറി ആന്റ് നേഴ്‌സറി സ്‌കൂളുകളും 4 സെക്കന്ററി സ്‌കൂളുകളും 9 യൂണിവേഴ്‌സിറ്റികളും ഇവിടെ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. 2003 ല്‍ സദാം ഹൂസൈന്റെ വീഴ്ചയോടെ രാജ്യത്ത് അരക്ഷിതാവസ്ഥയുടെ തരംഗങ്ങള്‍ ഉയര്‍ന്നുതുടങ്ങി. 2006 ല്‍ 36 ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം മൊസൂളിലെ കല്‍ദായ ആര്‍ച്ച് ബിഷപ് വധിക്കപ്പെട്ടു. 2010 ല്‍ ബാഗ്ദാദിലെ സിറിയന്‍ കാത്തലിക് കത്തീഡ്രല്‍ ആക്രമിക്കപ്പെടുകയും 58 പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

2014 ല്‍ ഇറാക്കിന്റെ പതം പൂര്‍ണ്ണമായി. ഇസ്ലാമിക സ്റ്റേറ്റ് നിനവെ പ്ലെയ്ന്‍ കീഴടക്കിയത് അന്നായിരുന്നു.