ബാഗ്ദാദ്: മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇറാക്കില്‍ ഡിസംബര്‍ 25 ന് പൊതു അവധി പ്രഖ്യാപിച്ചു. ഇറാക്കി പാര്‍ലമെന്റാണ് ബുധനാഴ്ച ഇതുസംബന്ധിച്ച ഔദ്യോഗികമായ പ്രഖ്യാപനം നടത്തിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാക്കി സന്ദര്‍ശന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയുളള ഈ പ്രഖ്യാപനം ഇറാക്കിലെ ക്രൈസ്തവരെ ഏറെ സന്തോഷിപ്പിച്ചിരിക്കുകയാണ്. മാര്‍ച്ച് അഞ്ചുമുതല്‍ എട്ടുവരെ തീയതികളിലാണ് പാപ്പായുടെ ഇറാക്ക് സന്ദര്‍ശനം. ബാഗ്ദാദ്, എര്ബില്, ക്വാരഖോഷ്, മൊസൂള്‍ തുടങ്ങിയവയാണ് പാപ്പയുടെ സന്ദര്‍ശന കേന്ദ്രങ്ങള്‍. ഇറാക്കിലേക്ക് ആദ്യമായിട്ടാണ് ഒരു പാപ്പ സന്ദര്‍ശനം നടത്തുന്നത്.
2008 ല്‍ ഇറാക്കി പാര്‍ലമെന്റ് ഡിസംബര്‍ 25 ന് അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അടുത്തവര്‍ഷങ്ങളില്‍ അത് ആവര്‍ത്തിച്ചിരുന്നില്ല. കിര്‍ക്കുക്ക് പ്രോവിന്സില് മാത്രമായിരുന്നു അന്ന് അവധി നല്‍കിയത്.