സ്വന്തമായി ആരാധനാലയം ഉണ്ടാകുന്നതുവരെ യാക്കോബായ സഭയ്ക്ക് മലങ്കര കത്തോലിക്കാസഭയുടെ ദേവാലയങ്ങള്‍ ആരാധനയ്ക്കുവേണ്ടി ഉപയോഗിക്കാമെന്ന് കര്‍ദിനാള്‍ മാര്‍ ക്ലീമീസ്

തിരുവനന്തപുരം: സ്വന്തമായി ആരാധനാലയം ഉണ്ടാകുന്നതുവരെ യാക്കോബായ സഭയ്ക്ക് മലങ്കര കത്തോലിക്കാ സഭയുടെ ദേവാലയങ്ങള്‍ ആരാധനയ്ക്കുവേണ്ടി ഉപയോഗിക്കാമെന്ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. യാക്കോബായ സഭയുടെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായ്ക്ക് അയച്ച കത്തിലാണ് കര്‍ദിനാള്‍ ഇക്കാര്യം അറിയിച്ചത്.

സൗകര്യങ്ങളില്ലാത്തതിന്റെ പേരില്‍ യാക്കോബായ വിശ്വാസികളുടെ ആരാധന മുടങ്ങരുത്.ദേവാലയങ്ങളോ ചാപ്പലുകളോ ഏതു ഭദ്രാസനത്തിലാണോ ആ ഭദ്രാസനാധിപനെ സമീപിച്ചാല്‍ മതിയാകും. മലങ്കര കത്തോലിക്കാസഭയിലെ എല്ലാ ഭദ്രാസനാധിപന്മാരെയും താന്‍ ഇതു സംബന്ധിച്ച് വിവരം അറിയിച്ചിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ അറിയിച്ചു. മലങ്കര യാക്കോബായ സുറിയാനി സഭ അടുത്തകാലത്തായി കടന്നുപോയ്‌ക്കൊണ്ടിരിക്കുന്ന വേദനകളില്‍ പങ്കുചേര്‍ന്നുകൊണ്ടാണ് കത്ത് എഴുതിയിരിക്കുന്നത്.

ക്രിസ്തീയ സാക്ഷ്യവും സാഹോദര്യവും പൊതുസമൂഹത്തിന്റെ മുമ്പിലും ക്രിസ്തീയ യുവതലമുറയുടെ മുമ്പിലും പരാജയപ്പെടുന്നതില്‍ തനിക്കുള്ള ദു:ഖവും കര്‍ദിനാള്‍ കത്തില്‍ പങ്കുവച്ചു.