ഇന്ന് ഈശോയുടെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍. മരണത്തില്‍ നിന്ന് മൂന്നാം ദിനം ഉയിര്‍ത്തെണീറ്റ ക്രിസ്തു നാല്പതാം ദിവസം സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം ചെയ്ത ദിവസം.
ഇതുപറഞ്ഞുകഴിഞ്ഞപ്പോള് അവര്‍ നോക്കിനില്‍ക്കെ അവന് ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ടു. ഒരു മേഘം വന്ന് അവനെ അവരുടെ ദൃഷ്ടിയില് നിന്ന് മറച്ചു. അവന് ആകാശത്തിലേക്ക് പോകുന്നത് അവര്‍ നോക്കിനില്ക്കുമ്പോള് വെള്ളവസ്ത്രം ധരിച്ച രണ്ടുപേര്‍ അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. പറഞ്ഞു. അല്ലയോ ഗലീലിയരേ. നിങ്ങള്‍ ആകാശത്തിലേക്ക് നോക്കിനില്ക്കുന്നതെന്ത്? നിങ്ങളില്‍ നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട യേശു സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നതായി നിങ്ങള്‍ കണ്ടതുപോലെ തിരിച്ചുവരും എന്നാണ് അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 1: 9-11 ല്‍ നാം വായിക്കുന്നത്.
അതുപോലെ വിശുദ്ധ ലൂക്കായുടെയും വിശുദ്ധ യോഹന്നാന്റെയും സുവിശേഷങ്ങളിലും സ്വര്ഗ്ഗാരോഹണത്തെക്കുറിച്ചു പറയുന്നുണ്ട്, കൂടാതെ റോമ, എഫേസുസ്, കൊളോസോസ് എന്നിങ്ങനെയുള്ള ലേഖനഭാഗങ്ങളിലും.
ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളിലൊന്നാണ് ക്രിസ്തുവിന്റെ സ്വര്‍ഗ്ഗാരോഹണവും. ക്രിസ്തുവിന്റെ മരണം, പുനരുത്ഥാനം എന്നിവയാണ് മറ്റ് രണ്ട് പ്രധാനപ്പെട്ട വിശ്വാസസത്യങ്ങള്‍.