വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിനോടൊപ്പം സഹരക്ഷകരില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രിസ്തു മധ്യസ്ഥനാണ്. പിതാവിങ്കലേക്കെത്താന്‍ നമ്മള്‍ കടന്നുപോകുന്ന പാലമാണ് അവിടുന്ന്. അവിടുന്ന് ഏക രക്ഷകനാണ്. ശ്രേഷ്ഠ മധ്യസ്ഥനാണ്. നാം ദൈവത്തിങ്കലേക്കുയര്‍ത്തുന്ന ഓരോ പ്രാര്‍ത്ഥനയും ക്രിസ്തുവിനു വേണ്ടി ക്രിസ്തുവിനോടുകൂടെ ക്രിസ്തുവില്‍ തന്നെയാണ്, അവിടുത്തെ മധ്യസ്ഥതയിലാണ് അത് സംഭവിക്കുന്നത്. യേശുക്രിസ്തു ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ ഏക മധ്യസ്ഥനാണ്.
ക്രിസ്തുവിന്റെ ഏക മധ്യസ്ഥതയിലാണ് ക്രൈസ്തവന്‍ തന്റെ പ്രാര്‍ത്ഥനയും ഭക്തിയും സംബന്ധിച്ച പൊരുളും മൂല്യവും കണ്ടെത്തുന്നത്. മറിയം പൂര്‍ണ്ണമായും യേശുവോന്മുഖയാണ്. അവള്‍ അമ്മയെന്നതിനെക്കാള്‍ ശിഷ്യയാണ്. ക്രിസ്തുവിനെയാണ് അവള്‍ എപ്പോഴും ചൂണ്ടിക്കാണിച്ചുതരുന്നത്. അവള്‍ ആദ്യ ശിഷ്യയാണ്. കര്‍ത്താവിന്റെ എളിയദാസിയായി എന്നും തുടരുകയാണ് മറിയം ചെയ്യുന്നത്. അതിലപ്പുറമൊന്നുമില്ല. മറിയത്തിന്റെ ഇടപെടലിലൂടെയാണ് പുത്രന്‍ ആദ്യത്തെ അടയാളം പ്രവര്‍ത്തി്ക്കുന്നത്.
കുരിശില്‍ മരിക്കുന്നതിന് മുമ്പ് യേശു തന്റെ പ്രിയപ്പെട്ട ശിഷ്യനെ മറിയത്തെ ഭരമേല്പിച്ചുകൊണ്ട് അവളുടെ മാതൃത്വം സഭയിലാകമാനം വ്യാപിപ്പിച്ചു. ആ നിമിഷം മുതല്‍ നാം എല്ലാവരും അവളുടെ മേലങ്കിയുടെ കീഴിലാണ്. പാപ്പ പറഞ്ഞു.
മംഗളവാര്‍ത്താദിനത്തിന്റെ തലേന്നാളിലെ പൊതുദര്‍ശനവേളയിലാണ് പാപ്പ ഈ സന്ദേശം നല്കിയത്.