റാഞ്ചി: ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍ ഫെലിക്‌സ് ടോപ്പോയെ കണ്ട് നന്ദിപറയാന്‍ ജാര്‍ഖണ്ഡ് ധനകാര്യവകുപ്പ് മന്ത്രി രാമേശ്വര്‍ എത്തി. എന്തിനെന്നല്ലേ കോവിഡ് 19 ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സഭയുടെ സഹായസഹകരണങ്ങള്‍ക്ക് നേരില്‍ നന്ദി പറയാന്‍.
ആര്‍ച്ച് ബിഷപ് ഫെലിക്‌സ് ടോപ്പോയെയും ഓക്‌സിലറി ബിഷപ് തിയോഡോറിനെയും കണ്ട് സംസാരിച്ച മന്ത്രി കോവിഡ് കാലത്ത് സഭ കാഴ്ചവച്ച മനുഷ്യത്വപരമായ സേവനങ്ങളെ കണക്കറ്റ് പ്രശംസിച്ചു. നിസ്വാര്‍ത്ഥവും ത്യാഗപൂരിതവുമായ സഭയുടെ പ്രവര്‍ത്തനങ്ങളോട് സര്‍ക്കാരിനുളള നന്ദിയും അദ്ദേഹം അറിയിച്ചു.
അതിരൂപതയിലെ വൈദികരും കന്യാസ്ത്രീകളും ചേര്‍ന്ന് 14 അഭയകേന്ദ്രങ്ങളാണ് കുടിയേറ്റ തൊഴിലാളികള്‍ക്കായി തുറന്നത്. സഭയുടെ നേതൃത്വത്തിലുള്ള സ്‌കൂളുകളായിരുന്നു അഭയകേന്ദ്രങ്ങളായി മാറ്റിയത്. ഇവരുടെ അനുദിന ചെലവുകള്‍ വഹിച്ചതും സഭയായിരുന്നു.
സഭയുടെ കമ്മ്യൂണിറ്റി കിച്ചണ്‍വഴിയായി നാലായിരത്തോളം പൊതിച്ചോറുകള്‍ വിതരണം ചെയ്യുന്നുണ്ട് 23 ഗ്രാമങ്ങളിലായി അയ്യായിരത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍പദ്ധതിയും സഭ നടപ്പിലാക്കുന്നുണ്ട്. ഇത് കൂടാതെ 600 പ്രൈമറി പ്രൊട്ടക്ടീവ് എക്വപ്‌മെന്റുകളും വിതരണം ചെയ്തിട്ടുണ്ട്.