ദൈവത്തെ ഇങ്ങനെ സ്‌നേഹിക്കാന്‍ ആര്‍ക്ക് കഴിയും? മുപ്പത്തിയഞ്ചുവര്‍ഷമായി കട്ടിലില്‍ കഴിയുന്ന ജിജിമോളുടെ ജീവിതം അതിനുള്ള ഉത്തരമാണ്

ആര്‍ക്കാണ് ദൈവത്തെ സ്‌നേഹിക്കാന്‍ കഴിയുന്നത്? പലപ്പോഴും മനസ്സില്‍ തോന്നിയിട്ടുള്ള ചോദ്യമാണ് ഇത്. പ്രാര്‍ത്ഥിക്കുന്നതെല്ലാം ഉടനടി സാധിച്ചുകിട്ടുമ്പോള്‍, സമ്പദ്‌സമൃദ്ധിയും ആരോഗ്യവും സൗന്ദര്യവും പ്രശസ്തിയുമുണ്ടാകുമ്പോള്‍ അപ്പോഴൊക്കെ ദൈവത്തെ മറന്നുപോകാതെ ദൈവത്തെ സ്‌നേഹിക്കാന്‍ കഴിയുന്നവരുമുണ്ടാകാം നമുക്കിടയില്‍. എന്നാല്‍ ജനിച്ചുവീണ നിമിഷം മുതല്‍ ഇന്നുവരെ ഈ ലോകത്തിന്റേതായ യാതൊരു സന്തോഷങ്ങളും അനുഭവിക്കാന്‍ കഴിയാതെ ഇരുപത്തിനാലു മണിക്കൂറും കിടക്കയില്‍ മാത്രം കഴിച്ചുകൂട്ടേണ്ടിവരുന്ന ഒരാള്‍ക്ക് ദൈവത്തെ സ്‌നേഹിക്കാന്‍ കഴിയുമോ. വെറും മാനുഷികമായി ചിന്തിച്ചാല്‍ കഴിയില്ല എന്നാണ് അതിനുത്തരം.

ജീവിതത്തിന്റെ വര്‍ണ്ണങ്ങളും സംഗീതവും അനുഭവിക്കാന്‍ കഴിയാതെ ലോകം തന്നെ ഒരു മുറിയുടെ നാലു ചുമരുകളില്‍ ഒതുങ്ങിക്കൂടി ഒന്നും രണ്ടും നാളോ വര്‍ഷം പോലുമോ അല്ല മുപ്പത്തിയഞ്ചു വര്‍ഷത്തോളം കഴിയുന്ന ഒരാള്‍ക്ക് ദൈവമേ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നുവെന്ന് പറയാന്‍ കഴിയുമോ. സംശയിക്കണ്ട. പറയാന്‍ കഴിയും. ജിജി കപ്പംമൂട്ടില്‍ എന്ന യുവതിക്ക് അതുമാത്രമേ പറയാന്‍ കഴിയുന്നുളളൂ.

ദൈവമേ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. തന്നെ കിടക്കയിലേക്ക് തള്ളിയിട്ട, തന്റെ ജീവിതം നശിപ്പിച്ച ദൈവത്തോട് അവള്‍ക്കുള്ളത് പൊരിഞ്ഞ സ്‌നേഹം മാത്രം. നമ്മുടെയൊക്കെ ദൈവസ്‌നേഹത്തിന്റെ ആഴം അളക്കാനും കൂടി ഈ പെണ്‍കുട്ടി കാരണമാകുന്നുണ്ട്. ഒരു കോവിഡ് വന്നപ്പോള്‍ ആത്മീയത തകര്‍ന്നുപോയ പലരെയും ഇതിനകം നാം കണ്ടിട്ടുണ്ടാകും.എന്നാലും എനിക്കിത് വന്നല്ലോ എന്ന് പരാതിപറയുന്നവര്‍. അവിടെയാണ് ജിജി വ്യത്യസ്തയാകുന്നത്. ചങ്ങനാശ്ശേരി അതിരൂപതയില്‍ കായല്‍പ്പുറം സെന്റ് ജോസഫ് ഇടവകയിലെ കപ്പാംമൂട്ടില്‍ കുടുംബാംഗമാണ്. ജോര്‍ജുകുട്ടി-തങ്കമ്മ ദമ്പതികളുടെ ആറുമക്കളില്‍ ഇളയ ആളാണ് ജിജിമോള്‍. ഒരുവയസുവരെ മാത്രമേ ഈ ലോകത്തിലൂടെ പിച്ചവച്ച് നടക്കാന്‍ അവള്‍ക്ക് സാധിച്ചുള്ളൂ.

ഒന്നാം പിറന്നാള്‍ ആഘോഷം കഴിഞ്ഞപ്പോഴേയക്കും ശരീരത്തിലെ എല്ലുകള്‍ ദ്രവിക്കുന്ന രോഗം അവള്‍ക്ക്പിടിപെട്ടു.ഇതിനകം നൂറിലധികം തവണയെങ്കിലും ശരീരത്തിലെ എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ടാവുമെന്നാണ് കണക്കൂകൂട്ടല്‍. പലവിദഗ്ദചികിത്സകള്‍ നടത്തിയെങ്കിലും പൂര്‍ണ്ണമായ രോഗസൗഖ്യം അവള്‍ക്ക് ഇന്നുവരെ കിട്ടിയിട്ടില്ല. അങ്ങനെ നന്നേ ചെറുപ്പത്തിലേ ജീവിതം കിടക്കയിലേക്ക് പരിമിതപ്പെട്ടു.

പക്ഷേ ആ വേദനയുടെ നിമിഷങ്ങളിലും ചെറുപ്രായം മുതല്‌ക്കേ ജിജിമോള്‍ പ്രാര്‍ത്ഥനയിലും ആത്മീയതയിലും ആശ്വാസം കണ്ടെത്തുകയായിരുന്നു. കുരിശിന്റെ വഴി പ്രാര്‍്തഥന ചൊല്ലുമ്പോള്‍ ശരീരത്തിലെ വേദന ഇല്ലാതാകുന്നതായ അനുഭവം അവള്‍ ഇതിനകം പലവട്ടം അനുഭവിച്ചറിഞ്ഞിട്ടുണ്ട്.ആത്മീയമായി മാത്രമല്ല മറ്റൊരുരീതിയില്‍ നോക്കിയാലും അതിജീവനത്തിന്റെ ആഹ്വാനമാണ് ജിജി നമ്മുടെ മുമ്പില്‍ ഉയര്‍്ത്തുന്നത്. സ്‌കൂളില്‍ പോയിട്ടില്ലാത്ത ജിജി സ്വന്തം പരിശ്രമഫലമായാണ് അക്ഷരങ്ങള്‍ വായിക്കാന്‍ പഠിച്ചത്. കിടക്കയില്‍ കിടന്നു ഇന്ന് അവള്‍ തന്റെ ദുര്‍ബലമായ സ്വരത്തില്‍ വിശുദ്ധ ഗ്രന്ഥവും വിശുദ്ധരുടെ ജീവചരിത്രങ്ങളും വായിക്കുന്നതു കേള്‍ക്കുമ്പോള്‍ നാം അമ്പരന്നുപോകും.

ദൈവവചനം പഠിച്ച് നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിയായ ചരിത്രം കൂടിയുണ്ട് ജിജിക്ക്. ലോഗോസ് ക്വിസില്‍ സംസ്ഥാനതലത്തില്‍ പോലും ഒന്നാമതെത്താന്‍ ജിജിക്ക് പലവട്ടം കഴിഞ്ഞിട്ടുണ്ട്. അനേകര്‍ക്കുവേണ്ടിയുള്ള മാധ്യസ്ഥപ്രാര്‍ത്ഥനയുടെ വരം കൂടി ജിജിമോള്‍ക്ക് കിട്ടിയിട്ടുണ്ട്. തങ്ങളുടെ ജീവിതനിയോഗങ്ങള്‍ക്കുവേണ്ടി പലരും ജിജിമോളുടെ പ്രാര്‍ത്ഥനാസഹായം തേടാറുമുണ്ട്. ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടിരിക്കുന്നവര്‍ക്ക് സകലതും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നതാണ് ജിജിമോളുടെ വിശ്വാസം അതുതന്നെയാണ് അവളുടെ ആത്മീയതയുടെ കാതലും.

രോഗിയായി കട്ടിലില്‍ കഴിയുന്നവരെ ഭാരമായും ശാപമായും കരുതുന്നവരുടെ ഇടയില്‍ തങ്ങളുടെ കുടുംബത്തിലെ സമ്പത്തായി ജിജിമോളെ കരുതുന്ന കപ്പംമൂട്ടില്‍ കുടുംബാംഗങ്ങളെയും നമുക്ക് അഭിനന്ദിക്കാതിരിക്കാനാവില്ല.