ഇരുണ്ട കാലത്ത് നാം വിശ്വാസത്തിലേക്ക് തിരിയണം: ജോ ബൈഡന്‍

വാഷിംങ്ടണ്‍ ഡിസി: നമ്മുടെ രാഷ്ട്രത്തെ സംബന്ധിച്ച് ഇത് ഇരുണ്ടകാലമാണെന്നും ഇക്കാലത്ത് നാം വിശ്വാസത്തിലേക്ക് തിരിയണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

കീര്‍ക്കെഗാര്‍ദിന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് ഇരുട്ടില്‍ വിശ്വാസം നന്നായി കാണാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പകര്‍ച്ചവ്യാധി, വംശീയമായ അനീതി, ക്യാപിറ്റോളില്‍ നടന്ന പ്രക്ഷോഭം എന്നിവയെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ബൈഡന്റെ പ്രസംഗം. 69 ാമത് ആനുവല്‍ നാഷനല്‍ പ്രെയര്‍ ബ്രേക്ക്ഫാസ്റ്റിലായിരുന്നു അദ്ദേഹം സംസാരിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം ഇരുണ്ട കാലത്ത് വിശ്വാസമാണ് പ്രത്യാശയും ശാന്തിയും നല്കുന്നത്. അത് വ്യക്തത നല്കുന്നു. മുന്നോട്ടുപോകാന്‍ വഴികാണിച്ചുതരുന്നു.

നമ്മുടെ രാഷ്ട്രത്തിന് പൊതുവായ ഒരു ഉദ്ദേശ്യമുണ്ട്. അപരനെ ബഹുമാനിക്കുക, അപരനെ പരിഗണിക്കുക. ബൈഡന്‍ പറഞ്ഞു. 1953 മുതല്‍ ഫെയ്ത്ത് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന പ്രോഗ്രാമാണ് നാഷനല്‍ പ്രെയര്‍ ബ്രേക്ക്ഫാസ്റ്റ്.