ജോ ബൈഡന് വിശുദ്ധ കുര്‍ബാന നിഷേധിക്കുകയില്ലെന്ന് വാഷിംങ്ടണ്‍ ആര്‍ച്ച് ബിഷപ്

വാഷിംങ്ടണ്‍: ജോ ബൈഡന് വിശുദ്ധ കുര്‍ബാന ഒരിക്കലും നിഷേധിക്കുകയില്ലെന്ന് നിലപാട് വ്യക്തമാക്കി വാഷിംങ്ടണ്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ വില്‍ട്ടണ്‍ ഗ്രിഗറി. യുഎസ് ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ വെര്‍ച്വല്‍ മീറ്റിംങിലാണ് ആര്‍ച്ച് ബിഷപ് ഇക്കാര്യം വ്യക്തമാക്കിയത്.

ജോ ബൈഡന്റെ ചില നിലപാടുകള്‍ കത്തോലിക്കാസഭയുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരുന്നു. പ്രധാനമായും അതിലുണ്ടായിരുന്നത് ബൈഡന്റെ അബോര്‍ഷന്‍ അനുകൂല നിലപാടായിരുന്നു. ജനനം മുതല്‍ സ്വഭാവികമരണം വരെ ജീവന്‍ ഏത് അവസ്ഥയിലും സംരക്ഷിക്കപ്പെടണം എന്നതാണ് കത്തോലിക്കാസഭയുടെ നിലപാട്. സ്ത്രീപുരുഷസംയോഗത്തിലൂടെ ഭ്രൂണം ഉദരത്തില്‍ രൂപമെടുക്കുന്ന നിമിഷം മുതല്‍ ജീവന്‍ ആരംഭിക്കുന്നുവെന്നും അത് നശിപ്പിക്കുന്നത് മാരകപാപമാണെന്നുമാണ് സഭ പഠിപ്പിക്കുന്നത്.

ജോ ബൈഡനുമായി തുറന്ന സംഭാഷണം പ്രതീക്ഷിക്കുന്നുവെന്നും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മേഖലകള്‍ കണ്ടെത്തുമെന്നും ആരോഗ്യകരമായ നല്ല ബന്ധം രൂപപ്പെടുത്തിയെടുക്കുമെന്നും ആര്‍ച്ച് ബിഷപ് മീറ്റിങില്‍ അറിയിച്ചു.