ഇന്ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ജന്മശതാബ്ദി

ഇന്ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ജന്മശതാബ്ദി ദിനം.1928 മെയ് 18 ന് പോളണ്ടിലെ വാഡോവെസിലായിരുന്നു വിശുദ്ധന്റെ ജനനം. എമിലിയായുടെയും കരോള്‍ വൊയ്റ്റീവയുടെയും മൂന്നുമ ക്കളില്‍ മൂന്നാമനായിരുന്നു കരോള്‍ വൊയ്റ്റീവ. ചെറുപ്രായത്തില്‍ തന്നെ അനാഥനായി മാറിയ ജീവിതമായിരുന്നു കരോളിന്റേത്. സൈനികജീവിതം, ഖനി തൊഴിലാളിയുടെ ജീവിതം എന്നിവയിലൂടെ കടന്നുപോയതിന് ശേഷം സെമിനാരിയില്‍ ചേര്‍ന്നു.

1946 നവംബര്‍ ഒന്നിന് വൈദികനായി. 1958 ജൂലൈ നാലിന് സഹായമെത്രാനായി നിയമിതനായി. 1964 ജനുവരി 13 ന് കാക്രോവിലെ മെത്രാനായി. 1967 ജൂണ് 26 ന് കര്‍ദിനാളായി. 1978 ല്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 26 വര്‍ഷം പത്രോസിന്റെ സിംഹാസനത്തില്‍ ജോണ്‍ പോള്‍ തുടര്‍ന്നു. 2005 ഏപ്രില്‍ രണ്ടിന് ജോണ്‍ പോള്‍ ഈ ലോകത്തോട് വിട പറഞ്ഞു. 2014 ഏപ്രില്‍ 27 ന് ഫ്രാന്‍സിസ് മാര്‍പാപ്പ, ജോണ്‍ പോളിനെ വിശുദ്ധപദവിയിലേക്കുയര്‍ത്തി.

കത്തോലിക്കാ സഭയില്‍ ഏറ്റവും കൂടുതല്‍ വിശുദ്ധരുടെ നാമകരണനടപടികള്‍ നടത്തിയത്, ലോക യുവജനസംഗമം, ലോകകുടുംബസംഗമം തുടങ്ങിയവ സ്ഥാപിച്ചത്, ക്രിസ്തുജയന്തി, വിശുദ്ധ കുര്‍ബാനയുടെ വര്‍ഷം, മരിയന്‍ വര്‍ഷം എന്നിവയുടെ പ്രഖ്യാപനം നടത്തിയത് എന്നിവയെല്ലാം ജോണ്‍ പോള്‍ രണ്ടാമനായിരുന്നു. ഏറ്റവും കൂടുതലായി അപ്പസ്‌തോലിക പര്യടനം നടത്തിയ പാപ്പയും ജോണ്‍ പോളായിരുന്നു.