വത്തിക്കാന്‍ സിറ്റി: കരോള്‍ വൊയ്റ്റീവ എന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ദൈവശാസ്ത്രം പഠിച്ചത് പുസ്തകങ്ങളില്‍ നിന്ന് മാത്രമായിരുന്നില്ല അദ്ദേഹം കടന്നുപോയ ജീവിതത്തിലെ ദുഷ്‌ക്കരമായ സാഹചര്യങ്ങളില്‍ നിന്നു കൂടിയായിരുന്നു എന്ന് പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍. ജോണ്‍ പോള്‍ രണ്ടാമന്റെ നൂറാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് ജോണ്‍പോളിന്റെ പേഴ്‌സനല്‍ സെക്രട്ടറി കര്‍ദിനാള്‍ സ്റ്റാനിസ്ലാവോയ്ക്ക് എഴുതിയ കത്തിലാണ് ബെനഡിക്ട് പതിനാറാമന്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്.
രണ്ടായിരത്തോളം വാക്കുകള്‍ അടങ്ങിയ കത്തില്‍ ദൈവശാസ്ത്രപരമായ നിരീക്ഷണങ്ങളും വ്യക്തിപരമായ ഓര്‍മ്മകളും കടന്നുവരുന്നുണ്ട്. അസാധ്യമായ വെല്ലുവിളികളാണ് ജോണ്‍ പോള്‍ അഭിമുഖീകരിച്ചിരുന്നതെന്നും ബെനഡിക്ട് പതിനാറാമന്‍ നിരീക്ഷിക്കുന്നു. ഭയപ്പെടരുത്. തുറക്കുക ക്രിസ്തുവിനായി വാതില്‍ തുറക്കുക എന്ന പൊന്തിഫിക്കേറ്റിന്റെ തുടക്കത്തിലെയുള്ള ജോണ്‍ പോളിന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ കാലത്തെ അടയാളപ്പെടുത്തുന്നവയാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ അദ്ദേഹത്തിന്റെ മുഴുവന്‍ ജീവിതത്തിന്റെയും പാഠശാലയായിരുന്നുവെന്നും ബെനഡിക്ട് പതിനാറാമന്‍ നിരീക്ഷിച്ചു. രണ്ടായിരത്തില്‍ പരം വര്‍ഷത്തെ കത്തോലിക്കാ സഭയുടെചരിത്രത്തില്‍ ഗ്രേറ്റ് എന്ന വിശേഷണം നേടിയ രണ്ടു മാര്‍പാപ്പമാരേ ഉണ്ടായിരുന്നുള്ളൂ.
മഹാനായ ലിയോ ഒന്നാമനും ഗ്രിഗറി ഒന്നാമനും. ഇവരു രണ്ടുപേരുമായി താരതമ്യം നടത്തിയാല്‍ ആ ഗുണങ്ങള്‍ ഒന്നുപോലും തെറ്റാതെ ജോണ്‍ പോളിലും ഉണ്ടായിരുന്നതായും ബെനഡിക്ട് പതിനാറാമന്‍ പറഞ്ഞു.
1920 മെയ് 18 ന് ജനിച്ച ജോണ്‍ പോള്‍ 2005 ഏപ്രില്‍ രണ്ടിന് കരുണയുടെ തിരുനാള്‍ ദിനത്തിലാണ് ദിവംഗതനായത്.