കൊച്ചി: ഒരു പതിറ്റാണ്ടു കാലത്തെ പരിചയവും അടുപ്പവുമാണ് തനിക്ക് കാലം ചെയ്ത ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയോട് ഉണ്ടായിരുന്നതെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
സംവാദത്തിന്റെയും സമന്വയത്തിന്റെയും വക്താവായിരുന്നു ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത. കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ക്കനുസരിച്ച് സഭയെ നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇന്ത്യയിലെ സഭകളുടെ ദേശീയ സമിതിയിലും സഭകളുടെ ലോക കൗണ്‍സിലിലും കേരളത്തിലെ ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രൈസ്തവ സഭകള്‍ക്കിടയില്‍ പരസ്പര ധാരണകള്‍ വളര്‍ത്തുന്നതിന് ഏറെ സഹായിച്ചു.
കേരളത്തിലെയും ഭാരതത്തിലെയും സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പ്രളയം, സുനാമി, കോവിഡ് തുടങ്ങിയ അത്യാഹിത സന്ദര്‍ഭങ്ങളിലും മാര്‍ഗ്ഗങ്ങളും സഹായങ്ങളുമായി പിതാവ് മുമ്പന്തിയിലുണ്ടായിരുന്നതായും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അനുസ്മരിച്ചു.