കെ സി ബി സി സമ്മേളനം നാളെ മുതല്‍; വ്യാഴാഴ്ച സമാപനം

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഓണ്‍ലൈന്‍ സമ്മേളനം നാളെ മുതല്‍ വ്യാഴാഴ്ച വരെ നടക്കും. കേരള കാത്തലിക് കൗണ്‍സിലിന്റെയും കെസിബിസിയുടെയും സംയുക്തയോഗം നാളെ രാവിലെ 10ന് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി ജനറല്‍ ജോസഫ് മാര്‍ തോമസ് അനുഗ്രഹ പ്രഭാഷണം നടത്തും.സാഹോദര്യത്തെയും സാമൂഹിക സൗഹൃദത്തെയും കുറിച്ച് ഫ്രാന്‍സിസ് പാപ്പാ എഴുതിയ ചാക്രികലേഖനത്തെ ആസ്പദമാക്കി റവ. ഡോ. ജേക്കബ് പ്രസാദ് പ്രബന്ധം അവതരിപ്പിക്കും.

32 കത്തോലിക്കാ രൂപതകളില്‍നിന്നുള്ള പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും, കെസിബിസി കമ്മീഷന്‍ സെക്രട്ടറിമാരും ഡിപ്പാര്‍ട്ടുമെന്റ് ഡയറക്ടര്‍മാരും, യുവജന, സന്ന്യാസ, അല്മായ സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. നാളെ വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന കെസിബിസി യോഗം മൂന്നിന് ഉച്ചയോടുകൂടി സമാപിക്കും. സമ്മേളനത്തില്‍ സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.