കൊച്ചി: ഇന്ത്യയില്‍ ബഹുഭൂരിപക്ഷം വരുന്ന, കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന സാധാരണക്കാരുടെ ജീവിത പ്രശ്‌നങ്ങളെ സര്‍ക്കാരുകള്‍ കണ്ടില്ലെന്ന് നടിക്കാന്‍ പാടില്ല എന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്. ഏകപക്ഷീയമായെടുത്ത തീരുമാനങ്ങളെ പുനഃപരിശോധിക്കാനും ആവശ്യമെങ്കില്‍ തിരുത്താനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.
അതേസമയം, ഇക്കാലങ്ങളില്‍ ഉയര്‍ന്നുവരുന്ന കര്‍ഷക പ്രതിഷേധങ്ങളെ രാഷ്ട്രീയ കരുനീക്കങ്ങളായി ചിത്രീകരിച്ച് തമസ്‌കരിക്കാനുള്ള പ്രവണത ഉപേക്ഷിക്കണം.
കേരളത്തിന്റെ പശ്ചാത്തലത്തിലും കര്‍ഷക സൗഹൃദ നിലപാടുകളും നയങ്ങളും കൈക്കൊള്ളാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. ഇവിടെ തീരദേശവും മലയോര മേഖലകളുമായി ബന്ധപ്പെട്ട് ഉപജീവനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയിരിക്കുന്ന ഭൂരിപക്ഷം കര്‍ഷകരും ഇക്കാലങ്ങളില്‍ വിവിധ പ്രതിസന്ധികളെ നേരിടുകയാണ്. രാജ്യത്തെയും സംസ്ഥാനത്തെയും ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങളെ അനുദിനം കൂടുതല്‍ ആശങ്കകളില്‍ അകപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഇത്തരം വിഷയങ്ങളില്‍ യുക്തമായ ഇടപെടലുകള്‍ നടത്താന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ മുന്നോട്ടുവരണം.
ഈ വിഷയങ്ങളില്‍ കേരളകത്തോലിക്കാ സഭയുടെ ആശങ്ക അറിയിക്കുന്നതോടൊപ്പം, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുകയും ചെയ്യുന്നുവെന്നും കെസിബിസി പ്രസ്താവനയില്‍ രേഖപ്പെടുത്തി.