കെ സി ബി സി വിദ്യാഭ്യാസ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: കെ സി ബി സി വിദ്യാഭ്യാസ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 20 മുതല്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ ആരംഭിച്ച റിലേ സമരം അവസാനിപ്പിച്ചു. കേരള വിദ്യാഭ്യാസ ചട്ടത്തിലെ ഭേദഗതികളെ തുടര്‍ന്ന് 2016 മുതല്‍ നിയമിതരായ അധ്യാപകരുടെ നിയമന അംഗീകാരം സംബന്ധിച്ച വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരും കെസിബിബി വിദ്യാഭ്യാസ കമ്മീഷനും നടത്തിയ ചര്‍ച്ച ധാരണയായതോടെയാണ് സമരം അവസാനിപ്പിച്ചത്.

മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവയാണ് സമരം അവസാനിപ്പിച്ചതായി അറിയിച്ചത്. നിലവിലുള്ള സംരക്ഷിത അധ്യാപകരെ വിവിധ മാനേജ്‌മെന്റുകള്‍ പുനര്‍വിന്യസിപ്പിക്കുകയും അര്‍ഹമായ തസ്തികകളില്‍ നിയമിതരായ മുഴുവന്‍ അധ്യാപകരുടെയും നിയമനങ്ങള്‍ക്ക് അംഗീകാരം നല്കുകയും ചെയ്യാന്‍ തീരുമാനമായിട്ടുണ്ട്.