കൊച്ചി: സ്വന്തം വിദ്യാര്‍ത്ഥികള്‍ക്ക് ഓണദിന സന്ദേശം നല്കിയ കത്തോലിക്കാ സന്യാസിനി കൂടിയായ പ്രധാനാധ്യാപികയെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി മാപ്പ് പറയിച്ചതും ആ ദൃശ്യങ്ങള്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും അവര്‍ ക്രൂരമായ അവഹേളനങ്ങള്‍ക്ക് ഇരയായിത്തീര്‍ന്നതും കേരളചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവമാണെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് കേരളത്തിന് അപമാനകരമാണെന്നും സര്‍ക്കാരും സമൂഹവും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കെസിബിസി ഐക്യജാഗ്രത കമ്മീഷന്‍ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്. സമീപകാല കേരളത്തില്‍ സ്ത്രീകള്‍ അനുഭവിക്കേണ്ടി വന്ന വിവിധ സംഭവങ്ങളെ വ്യക്തമാക്കുന്ന കൂട്ടത്തിലാണ് കന്യാസ്ത്രീക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത്. കോവിഡ് രോഗിയായ പെണ്‍കുട്ടി ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട സംഭവവും ഉത്രയെ പാമ്പുകടിയേല്പിച്ച് കൊല ചെയ്ത സംഭവവും ഫോറസ്റ്റ് അധികാരികളുടെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട മത്തായിയുടെ ഭാര്യയുടെ കാര്യവും ഇക്കൂട്ടത്തില്‍ പരാമര്‍ശവിധേയമാക്കുന്നുണ്ട്.
സ്ത്രീകള്‍ നേരിടുന്ന ഇത്തരം പ്രശ്‌നങ്ങളില്‍ സൗകര്യപൂര്‍വ്വം നിശ്ശബ്ദത പുലര്‍ത്തുന്ന സാംസ്‌കാരിക നായകരും മനുഷ്യാവകാശ വനിതാ കമ്മീഷനുകളും ഉണര്‍ന്ന് പ്രവര്ത്തിക്കണമെന്നും പ്രസ്താവനയില്‍ ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളിയും ഫാ. സാജു കുത്തോടി പുത്തന്‍പുരയില്‍ സിഎസ് ടിയും ആവശ്യപ്പെട്ടു.