സിറിയായില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ഈ വൈദികന്‍ ഇപ്പോള്‍ എവിടെയാണ്?

ഫാ. പൗലോ ഡാല്‍ ഓഗിലിയോ ഇപ്പോള്‍ എവിടെയായിരിക്കും? അദ്ദേഹത്തെ സ്‌നേഹിക്കുകയും അദ്ദേഹത്തില്‍ നിന്ന് നന്മകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുള്ള ഓരോരുത്തരുടെയും മനസ്സിലെ ഉത്തരം കിട്ടാത്ത ചോദ്യമാണ് അത്. ഏഴു വര്‍ഷം മുമ്പാണ് ഇദ്ദേഹത്തെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. ഇന്നലെയായിരുന്നു ആ അപ്രത്യക്ഷമാകലിന് ഏഴു വര്‍ഷം പൂര്‍ത്തിയായത്.

ഇപ്പോഴും അദ്ദേഹം എവിടെയുണ്ട് ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാത്ത അവസ്ഥയാണ്. സിറിയായിലെ ജനങ്ങള്‍ക്കുവേണ്ടിയുള്ളതായിരുന്നു ഫാ. പൗലോയുടെ ജീവിതം.

കഴിഞ്ഞ മുപ്പതുവര്‍ഷമായി സിറിയായിലെ ജനങ്ങള്‍ക്കുവേണ്ടിയായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. സിറിയന്‍ ജനങ്ങളോട് കാണിച്ച ഐകദാര്‍ഢ്യവും അനുകമ്പയുമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായിമാറിയത്. 2011 മാര്‍ച്ചിലാണ് സിറിയന്‍ ആഭ്യന്തര.യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. 380,000 ആളുകള്‍ കൊല്ലപ്പെടുകയും 7.6 മില്യന്‍ ആളുകള്‍ അരക്ഷിതാവസ്ഥയിലാവുകയും ചെയ്തു. അഞ്ച് മില്യന്‍ അഭയാര്‍ത്ഥികളെയും യുദ്ധം സൃഷ്ടിച്ചിട്ടുണ്ട്.

ഇന്നും സിറിയായിലെ ജനങ്ങളുടെ മനസ്സില്‍ ഫാ. പൗലോ ജീവിച്ചിരിക്കുന്നു. അവര്‍ അദ്ദേഹത്തിന്റെ മടങ്ങിവരവിന് വേണ്ടി കാത്തിരിക്കുകയുമാണ്. ഒപ്പം സിറിയായില്‍ നീതിയും സമാധാനവും പുലരാന്‍ വേണ്ടിയും…

കഴിഞ്ഞ വര്‍ഷം ഫാ.പൗലോയുടെ അമ്മയും സഹോദരങ്ങളുമടങ്ങുന്ന കുടുംബവുമായി സാന്താമാര്‍ത്തയില്‍ വച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ കണ്ടുമുട്ടിയിരുന്നു.