വത്തിക്കാന്‍ സിറ്റി: കാരുണ്യം ഒരിക്കലും അധികമാകുകയില്ലെന്നും നിസ്സംഗത പാപമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. നമുക്കിടയിലുള്ള ദരിദ്രരുടെ സാന്നിധ്യത്തെക്കുറിച്ച് നമ്മെ കൂടുതല്‍ ബോധവാന്മാരാക്കാന് ഈ കൊറോണക്കാലം ഏറെ സഹായിച്ചിട്ടുണ്ട്. നമ്മുടെ കരങ്ങള്‍ പാവങ്ങളിലേക്ക് വിടര്ത്തപ്പെടേണ്ട സമയമാണ് ഇത്. കാരുണ്യപ്രവര്‍ത്തനങ്ങള്‍ നമുക്കൊരിക്കലും അധികമാകുകയില്ല.
വിടര്‍ത്തിയ കരങ്ങള്‍ നമുക്ക് മുമ്പ് എന്നത്തെക്കാളുമേറെ ആവശ്യമുണ്ട്. പരസ്പരാശ്രിതത്വത്തിനും സഹായത്തിനും ആത്മാഭിമാനത്തിനും സാഹോദര്യബന്ധം എന്തുമാത്രം ആവശ്യമുണ്ടെന്നും ഇക്കാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഏറ്റവും ദുര്‍ബലരായവരെ പിന്തുണയ്ക്കാനുള്ള കൃത്യമായ മാര്‍ഗ്ഗങ്ങള്‍ ബൈബിളിലെ പ്രഭാഷകന്റെ പുസ്തകത്തില്‍ നിന്ന് നമുക്ക് ലഭിക്കുന്നുണ്ട്. ദു:ഖിതരായവരോട് സഹതപിക്കുവാനും കരയുന്നവരെ തള്ളിക്കളയരുതെന്നും വിശുദ്ധ ഗ്രന്ഥം ഓര്‍മ്മിപ്പിക്കുന്നു.
ദൈവവചനം അലസരായി കഴിയാന്‍ നമ്മെ അനുവദിക്കുന്നില്ല. പാവങ്ങളോടും എളിയവരോടും അനുകമ്പയുള്ളവരായി ജീവിക്കുവാന്‍ ബൈബിള്‍ നമ്മെ നിര്‍ബന്ധിക്കുന്നുണ്ട്. നിസ്സംഗത പാപമാണ്. പാപ്പ ഓര്‍മ്മിപ്പിച്ചു. പാവങ്ങളുടെ ആഗോളദിന സന്ദേശത്തിന്റെ തുടര്‍ച്ചയിലാണ് പാപ്പ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.