നൈറ്റ്‌സ് ഓഫ് കൊളംബസ് സ്ഥാപകന്‍ ഫാ. മൈക്കല്‍ വാഴ്ത്തപ്പെട്ട പദവിയിലേക്ക്

വത്തിക്കാന്‍ സിറ്റി: നൈറ്റ് ഓഫ് കൊളംബസ് സ്ഥാപകന്‍ ഫാ. മൈക്കല്‍ മക്ഗിവെനി വാഴ്ത്തപ്പെട്ട പദവിയിലേക്ക്. ഇദ്ദേഹത്തിന്റെ മധ്യസ്ഥതയില്‍ നടന്ന അത്ഭുതം ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഇത്.

1882 ലാണ് ഫാ. മൈക്കല്‍ നൈറ്റ്‌സ് ഓഫ് കൊളംബസ് സ്ഥാപിച്ചത് വിവിധ രാജ്യങ്ങളിലായി രണ്ടു മില്യന്‍ അംഗങ്ങളുള്ള ഈ സന്നദ്ധ സംഘടന ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാ സേവനസന്നദ്ധ സംഘടനയാണ്. കണക്ടികട്ടില്‍ 1852 ല്‍ ആയിരുന്നു ജനനം.

അമേരിക്കയിലെ കത്തോലിക്കാസഭയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുവാന്‍ അച്ചന് സാധിച്ചിരുന്നു. ഐറീഷ്- അമേരിക്കന്‍ കുടിയേറ്റ സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടിയായിരുന്നു കൂടുതലും പ്രവര്‍ത്തിച്ചിരുന്നത്. 1890 ഓഗസ്‌ററ് 14 ന് ന്യൂമോണിയായെ തുടര്‍ന്നായിരുന്നു മരണം. 38 ാം പിറന്നാളിന്റെ രണ്ടുദിവസത്തിന് ശേഷമായിരുന്നു അത്.

1997 ല്‍ ആയിരുന്നു നാമകരണനടപടികള്‍ക്ക് ഔദ്യോഗികമായ തുടക്കം കുറിച്ചത്. ഗര്‍ഭസ്ഥശിശുവിനുണ്ടായ അത്ഭുതകരമായ രോഗസൗഖ്യമാണ് ഫാ. മൈക്കലിനെ വാഴ്ത്തപ്പെട്ടപദവിയിലേക്കു ഉയര്‍ത്താന്‍ കാരണമായിരിക്കുന്നത്.