സ്‌നേഹത്തിന്റെ അടയാളമാണ് തൊഴില്‍

ജോലി ചെയ്യാന്‍ മടിയുള്ള ഒരുപാടു പേരുണ്ട് നമുക്ക് ചുറ്റിനും. ജോലി കിട്ടിയിട്ട് വേണം അവധിയെടുക്കാന്‍ എന്ന മട്ടിലുള്ള ശ്രീനിവാസന്‍ കഥാപാത്രം പോലെയുള്ളവര്‍. ഒരു ജോലിക്കും പോകാതെ വെടിവട്ടം പറഞ്ഞും അപവാദം പറഞ്ഞും ഇരിക്കുന്നവര്‍ ചില കഥാപാത്രങ്ങളായി സിനിമകളില്‍ വന്നിട്ടുമുണ്ട്.
ഇനി വേറൊരു കൂട്ടരുണ്ട്. അത് മിക്കവാറും സ്ത്രീകളായിരിക്കും.

അടുക്കളപ്പണിയെ വലിയ ഭാരമായി കൊണ്ടുനടക്കുന്നവരും അതിന്റെ പേരില്‍ പരാതി പറയുന്നവരുമാണ് അവര്‍. ഭര്‍ത്താവും രണ്ടുമക്കളും ഉള്ള കുടുംബത്തിന് വേണ്ടി പോലും ജോലിയെടുക്കുമ്പോള്‍ പിറുപിറുക്കുന്നവര്‍. താന്‍ മാത്രമാണ് ഏക അടുക്കളതൊഴിലാളി എന്ന മട്ടില്‍ പരിതപിക്കുന്നവര്‍. തൊട്ടതിനും പിടിച്ചതിനുമൊക്കെ സഹായികളെ ആവശ്യപ്പെടുന്നവര്‍.

സത്യത്തില്‍ സ്‌നേഹമില്ലാത്തതുകൊണ്ടാണ് ഏതു ജോലിക്കും പരാതി പറയുന്നത്.ജോലിയെടുക്കാതെ ഈ ലോകത്ത് ആര്‍ക്കും ജീവിക്കാനാവില്ല. വലുതോ ചെറുതോ കൂടിയ ശമ്പളമുള്ളതോ കുറവുളളതോ എന്തുമായിരുന്നുകൊള്ളട്ടെ ജോലിയാണ്, തൊഴിലാണ് നമ്മുടെ ജീവിതത്തിന് അടിസ്ഥാനം. ചില ശാരീരികാസ്വാസ്ഥ്യം കൊണ്ടോ മാനസികബുദ്ധിമുട്ടുകള്‍ കൊണ്ടോ ചിലപ്പോള്‍ ജോലിചെയ്യാന്‍ നമുക്ക് മടിതോന്നിയേക്കാം. വിരസത അനുഭവപ്പെട്ടേക്കാം. എന്നാല്‍ അത് താല്ക്കാലികം മാത്രമാണ്. അതിന് ശേഷം പൂര്‍വ്വാധികം ശക്തിയോടെ ജോലിയില്‍ മുഴുകുന്നവരാണ് കൂടുതലു
ജോലിയെടുക്കാന്‍ മടിക്കുന്നവരാകട്ടെ അദ്ധ്വാനത്തിന്റെ വില മനസ്സിലാക്കാത്തവരാണ്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ജോലിയുടെ മഹത്വത്തെ ഉദാഹരിക്കാനായി ചൂണ്ടികാണിക്കുന്നത് നസ്രത്തിലെ തിരുക്കുടുംബത്തെയാണ്. അനുദിനജീവിതത്തിലെ സ്‌നേഹത്തിന്റെ പ്രകടനമായിരുന്നു നസ്രത്തിലെ തിരുക്കുടുംബത്തിന്റെ അദ്ധ്വാനം എന്നാണ് ജോണ്‍ പോള്‍ പാപ്പ നിരീക്ഷിച്ചത്.
നമുക്കും ജോലിയെ സ്‌നേഹിക്കാം. തൊഴിലെടുക്കാം.

പരാതിപറച്ചിലും പിറുപിറുക്കലും അവസാനിപ്പിക്കാം. അതിന് തിരുക്കുടുംബവും പ്രത്യേകിച്ച് നസ്രത്തിലെ തച്ചനും നമ്മെ സഹായിക്കട്ടെ.
വിഎന്‍