ദൈവനിന്ദാക്കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട യുവാവിന് ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം മോചനം

ലാഹോര്‍: പാക്കിസ്ഥാനില്‍ ദൈവനിന്ദാക്കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട ക്രൈസ്തവന് ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം മോചനം. സ്വാന്‍ മസിഹ് എന്ന 38 കാരനെയാണ് ലാഹോര്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. ആരോഗ്യപ്രവര്‍ത്തകനായി ജോലി ചെയ്തിരുന്ന സ്വാന്‍ മാസിഹ്ക്ക് എതിരെ പ്രവാചകനെ നിന്ദിച്ചു എന്ന കുറ്റമാണ് ആരോപിക്കപ്പെട്ടത്.

മതനിന്ദ നടത്തിയെന്ന ആരോപണം ഉന്നയിക്കപ്പെട്ടപ്പോള്‍ സ്വാന്‍ മസിഹ് താമസിച്ചിരുന്ന ജോസഫ് കോളനി ആക്രമിക്കപ്പെടുകയും 150 വീടുകളും രണ്ടു ദേവാലയങ്ങളും തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു. മൂവായിരത്തോളം വരുന്ന ആള്‍ക്കൂട്ടമാണ് അന്ന് അക്രമം അഴിച്ചുവിട്ടത്. ജീവിതത്തിലെ വിലപിടിച്ച ഏഴു വര്‍ഷങ്ങളാണ് സ്വാന് സ്വന്തം കുടുംബത്തില്‍ നിന്ന് ഇതുവഴി നഷ്ടപ്പെട്ടിരിക്കുന്നത് എന്ന് മസിഹയെ വിട്ടയച്ച കോടതിവിധിയോട് നാഷനല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റീസ് ആന്റ് പീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സെസില്‍ ഷെയ്ന്‍ ചൗധരി പ്രതികരിച്ചു.

ഭാര്യയും മൂന്നുമക്കളും അടങ്ങുന്നതാണ് സ്വാന്‍ മസിഹയുടെ കുടുംബം.