ലാമ്പെദൂസ സന്ദര്‍ശനത്തിന്റെ ഏഴാം വാര്‍ഷികത്തിന്റെ സ്മരണയ്ക്കായി ഇന്ന് മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കും

വത്തിക്കാന്‍ സിറ്റി: ഇറ്റാലിയന്‍ ദ്വീപായ ലാമ്പെദൂസ സന്ദര്‍ശിച്ചതിന്റെ ഏഴാം വാര്‍ഷികത്തിന്റെ സ്മരണയില്‍ ഇന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കും. രാവിലെ പ്രാദേശികസമയം 11 മണിക്ക് സാന്താമാര്‍ത്തയില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലി ലൈവ് സ്ട്രീമിങ് ചെയ്യും.

തന്റെ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ 2013 ജൂലൈ എട്ടിനാണ് മെഡിറ്ററേറിയന്‍ ഐലന്റായ ലാമ്പെദൂസ പാപ്പ സന്ദര്‍ശിച്ചത്. റോമിന് വെളിയിലേക്കുള്ള പാപ്പയുടെ ആദ്യ സന്ദര്‍ശനം കൂടിയായിരുന്നു അത്. ആഫ്രിക്കയില്‍ നിന്ന് യൂറോപ്പിലേക്ക് കടക്കാനുള്ള പ്രാഥമിക ലക്ഷ്യകേന്ദ്രമാണ് അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും ലാമ്പെദൂസ.

അഭയാര്‍ത്ഥികളോടും കുടിയേറ്റക്കാരോടുമുള്ള പാപ്പയുടെ ഐകദാര്‍ഢ്യത്തിന്റെ ആദ്യപ്രഖ്യാപനം കൂടിയായിരുന്നു ആ സന്ദര്‍ശനം. അനധികൃത കുടിയേറ്റമാണ് പലപ്പോഴും ഇവിടേയ്ക്ക നടത്താറുള്ളത്. അതിനിടയില്‍ജീവന്‍ നഷ്ടമാകുന്നവരും ഏറെ. 2013 ഒക്ടോബറില്‍ 360 കുടിയേറ്റക്കാര്‍ ഇപ്രകാരം മരണമടഞ്ഞിരുന്നു.