ആഴക്കടല്‍ മത്സ്യബന്ധനം; വന്‍ പ്രതിഷേധവുമായി ലത്തീന്‍ അതിരൂപത

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാറിനെതിരെ തിരുവനന്തപുരം ലത്തീന്‍അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടിയേറ്റ് നടയില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. സി ജോസഫ് ഉദ്ഘാടനം ചെയ്തു. കേരള തീരത്ത് ചട്ടങ്ങള്‍ അട്ടിമറിച്ചു മത്സ്യബന്ധം നടത്തുന്നതിനായി ഉണ്ടാക്കിയ ആഴക്കടല്‍ ട്രോളര്‍ മത്സ്യബന്ധന കരാര്‍ നിലവില്‍ വന്നാല്‍ മൂന്നു ലക്ഷത്തിലധികം മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗം നഷ്ടമാകും.

കരാര്‍ പ്രകാരം ആഴക്കടലില്‍ 400 ട്രോളറുകളും അഞ്ച് മദര്‍ഷിപ്പുകളും ഏഴ് ഫിഷ് ലാന്റിംങ് സെന്ററുകളും വരുമെന്നാണ് അറിയുന്നത്. 500 കോടി മുതല്‍മുടക്കുള്ള കരാര്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗത്തെ സാരമായി ബാധിക്കും എന്നതില്‍ സംശയമില്ല. അതിനാല്‍ സര്‍ക്കാര്‍ കരാറില്‍ നിന്നും പിന്മാറണം. മോണ്‍. സി ജോസഫ് പറഞ്ഞു.