ദൈവം മനുഷ്യന്റെ ഹൃദയത്തോട് സംസാരിക്കുന്ന സ്ഥലമാണ് മരുഭൂമി: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ദൈവം മനുഷ്യന്റെ ഹൃദയത്തോട് സംസാരിക്കുന്ന സ്ഥലമാണ് മരുഭൂമിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബൈബിളില്‍ വളരെ പ്രാധാന്യമുള്ളതും പ്രകൃതിദത്തവും പ്രതീകാത്മകവുമായ സ്ഥലമാണ് മരുഭൂമി. പ്രാര്‍ത്ഥനയുടെ ഉത്തരംഒഴുകുന്ന ഇടവും മറ്റ് കാര്യങ്ങളില്‍ നിന്ന് അകന്ന സ്ഥലവുമാണ് മരുഭൂമി. എന്നാല്‍ അതിനൊപ്പം ദൈവസ്വരത്തിന് ബദലായി, പ്രലോഭകന്‍ മനുഷ്യന്റെ ബലഹീനതകളും ആവശ്യങ്ങളും മുതലെടുത്ത് കപടസ്വരം കേള്‍പ്പിക്കുന്ന ഇടം കൂടിയാണ് അത്.

മരുഭൂമിയിലെ യേശുവിന്റെ പ്രലോഭനങ്ങളുടെ സുവിശേഷം ഓരോ നോമ്പുകാലത്തിന്റെ തുടക്കവും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നോമ്പുകാലത്ത് യേശുവിനെയെന്നതുപോലെ പരിശുദ്ധാത്മാവ് നമ്മെയും മരുഭൂമിയിലേക്ക് നയിക്കുന്നു. നാം മനസ്സിലാക്കിയതുപോലെ അതൊരു ഭൗതികമായ ഇടമല്ല മറിച്ച് നമുക്ക് യഥാര്‍ത്ഥ മാനസാന്തരം ഉണ്ടാകുന്നതിനായി മൗനം പാലിക്കുകയും ദൈവവചനം ശ്രവിക്കുകയും ചെയ്യേണ്ട അസ്തിത്വപരമായ ഒരു മാനത്തിന്റേതാണ്. അതുകൊണ്ട് നാം മരുഭൂമിയെ ഭയക്കേണ്ടതില്ല. യേശു മരുഭൂമിയില്‍ കഴിച്ചുകൂട്ടിയ നാല്പത് ദിവസങ്ങളില്‍ യേശുവും പിശാചും തമ്മിലുള്ള ദ്വന്ദ്വയുദ്ധം ആരംഭിക്കുന്നുവെന്നും അത് പീഡാസഹനത്തിലും കുരിശിലുമാണ് അവസാനിച്ചതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

ദൈവപുത്രന്‍ പരീക്ഷിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ഒടുവില്‍ വധിക്കപ്പെടുകയും ചെയ്തുകഴിഞ്ഞപ്പോള്‍ പിശാച് ജയിച്ചതായ പ്രതീതിയുളവാകുന്നു. പക്ഷേ സാത്താനെ നിശ്ചയമായി പരാജയപ്പെടുത്താനും നമ്മെ അവന്റെ ആധിപത്യത്തില്‍ നിന്നു മോചിപ്പിക്കാനുള്ള അവസാന മരുഭൂമിയായിരുന്നു മരണം എന്നും അങ്ങനെ യേശു പുനരുത്ഥാനത്തില്‍ ജയിക്കുന്നതിന് മരണമെന്ന മരുഭൂമിയില്‍ വിജയിക്കുകയും ചെയ്തു. പാപ്പ പറഞ്ഞു.

ഞായറാഴ്ചയിലെ ത്രികാല ജപപ്രാര്‍ത്ഥനയ്ക്കിടയില്‍ സന്ദേശം നല്കുകയായിരുന്നു മാര്‍പാപ്പ.