മംഗളവാര്‍ത്താക്കാലം
21
ഇരുട്ട്
ആദിയില്‍ വചനമുണ്ടായിരുന്നു..ദൈവം അയച്ച ഒരു മനുഷ്യനുണ്ടായിരുന്നു. അവന്റെ പേര് യോഹന്നാന് എന്നാണ്.( യോഹ 1; 1-5)
ഇരുട്ടിന് തെളിയാന്‍ മടിയാണ്. വെളിച്ചത്തിന് അണയാനും. പക്ഷേ മനസ്സുവച്ചാല്‍ വെളിച്ചം അണയാവുന്നതേയുള്ളൂ. ഇരുട്ടാകട്ടെ മാഞ്ഞുപോകാനും. ചിലരുടെയൊക്കെ മനസ്സില്‍ എന്തുമാത്രം ഇരുട്ടാണെന്ന് ഈ ദിവസങ്ങളില്‍ ചില അനുഭവങ്ങളിലൂടെ കടന്നുപോയപ്പോള്‍ തിരിച്ചറിഞ്ഞു. സന്ധ്യാപ്രാര്‍ത്ഥനയുണ്ട്, ദിനവുമുള്ള വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കലുണ്ട്, സ്വകാര്യപ്രാര്ത്ഥനയുമുണ്ട്. എന്നിട്ടും..
.നമ്മുടെ ബാഹ്യമായ ആചാരങ്ങളോടല്ല ആ ആചാരങ്ങള്‍ പുലര്‍ത്തിപ്പോരുന്ന പലരോടും പണ്ടേ ഒരു അകല്‍ച്ചയുണ്ട്. പ്രാര്‍ത്ഥനയിലും കുര്‍ബാനയിലും മാത്രം ജീവിതം തളച്ചിടുകയും അവയുടെ നന്മ അടുത്തുനില്ക്കുന്നവര്ക്കോ ഒപ്പം ജീവിക്കുന്നവര്‍ക്കോ മനസിലാവാത്ത അവസ്ഥ.
പുറമേയ്ക്ക് വെളിച്ചം. അടുത്തു ചെന്നാലോ അന്ധകാരവും.ഇരുട്ടുമൂടിയ മനസ്സുകളില്‍ നിന്ന് ഒരിക്കലും നല്ലതൊന്നും പുറത്തേക്ക് വരുന്നതേയില്ല. അവര്‍ ചുറ്റുമുള്ളവരുടെ കൂടി മനസ്സുകളിലെ വെളിച്ചം അണയ്ക്കും.
വാക്കുകളുടെ തീപ്പൊരിയില്‍ അണഞ്ഞുപോകില്ലെന്ന് കരുതിയ വെളിച്ചത്തെ പോലും അവര്‍ തീവെള്ളമൊഴിച്ച് കെടുത്തിക്കളയും. എന്റെയുളളില്‍ പ്രകാശമില്ലാത്തതുകൊണ്ട് നിന്റെയുള്ളിലും വെളിച്ചം വേണ്ട എന്ന മട്ട്. സ്്ട്രീറ്റ് ലൈറ്റുകള്‍ കല്ലെറിഞ്ഞു പൊട്ടിക്കുന്ന അരാജകവാദികളെയും മദ്യപന്മാരെയും കണ്ടിട്ടില്ലേ. വെളിച്ചവുമായി നില്ക്കുന്നവയെ കാണുമ്പോള്‍ ഉള്ളിലൊരു കിരുകിരുപ്പ്. ക്രിസ്തുവെന്ന വെളിച്ചവുമായി ജീവിക്കുക. അതാണ് സുവിശേഷം നല്കുന്ന വെല്ലുവിളി.
ഇരുട്ടിലും പ്രകാശിക്കുന്ന വെളിച്ചം. ആ പ്രകാശത്തില്‍ നടക്കുക. ഇനി അതിന് കഴിയുന്നില്ലെങ്കില്‍ മറ്റുള്ളവരുടെ വെളിച്ചങ്ങള്‍ക്ക് നേരെ കല്ലെറിയുകയെങ്കിലും ചെയ്യാതിരിക്കുക.
അവന് പ്രകാശിക്കുന്നതിന് നിനക്കെന്ത്? അന്ന് കായേനോട് ദൈവം ചോദിച്ചതുപോലെ നീ നന്മ ചെയ്യാത്തതുകൊണ്ടല്ലേ നിന്റെ വെളിച്ചം അണഞ്ഞുപോയത്? അതിന് വെളിച്ചമുള്ളവനോട് നിനക്കെന്തിന് ഈര്‍ഷ്യ? ആരുടെയും വെളിച്ചം അണയ്ക്കാതിരിക്കാനെങ്കിലും നമുക്ക് തീരുമാനമെടുക്കാം.
വിഎന്‍