ലിഗോരി പ്രൊവിന്‍സിന്റെ ചരിത്രവഴികളിലൂടെ
1732 ല്‍ ഇറ്റലിയിലെ നേപ്പിള്‍സില്‍ വേദപാരംഗതനായ വി. അല്‍ഫോന്‍സസ് ലിഗോരിയാണ്. ദിവ്യരക്ഷക സഭ സ്ഥാപിച്ചത്. ഇന്ന് ലോകമെങ്ങുമായി ഏകദേശം 82 രാജ്യങ്ങളില്‍ ദിവ്യരക്ഷകസഭാംഗങ്ങള്‍ സേവനം ചെയ്യുന്നു. 1941 ല്‍ ഐറിഷ് റിഡംപ്റ്ററിസ്റ്റ് മിഷനറിമാരാണ് ഇന്ത്യയില്‍ ആദ്യത്തെ ഭവനം സ്ഥാപിച്ചത്. 1951 ല്‍ ആദ്യത്തെ ഇന്ത്യന്‍ റിഡംപ്റ്ററിസ്റ്റ് വൈദികന്‍ പട്ടം സ്വീകരിച്ചു. ദിവ്യരക്ഷകസഭയുടെ സീറോമലബാര്‍ റീത്തിലുള്ള ലിഗോരി പ്രൊവിന്‍സ്, 2008 ജൂണ്‍ 27 നാണ് നിലവില്‍ വന്നത്.
1990 ലെ ബാഗ്ലൂര്‍ പ്രൊവിന്‍ഷ്യല്‍ ചാപ്റ്റര്‍
1990 ജൂണ്‍ 24 നു ചേര്‍ന്ന എട്ടാമത് ബാഗ്ലൂര്‍ പ്രൊവിന്‍ഷ്യല്‍ ചാപ്റ്ററിന്റെ 33-ാമത്തെ സെഷനില്‍, സീറോ മലബാര്‍ സഭയില്‍, ഒരു യൂണിറ്റ് തുടങ്ങണമെന്നുള്ള തീരുമാനത്തെ എല്ലാവരും അനുകൂലിക്കുകയുണ്ടായി. അതേതുടര്‍ന്ന് അടുത്ത ആറു മാസത്തിനുള്ളില്‍ വിശദമായൊരു പഠനം നടത്തി ഇതിനുവേണ്ട ക്രമീകരണങ്ങള്‍ നിര്‍ദ്ദേശിക്കുവാന്‍ ചാപ്റ്റര്‍ ആവശ്യപ്പെട്ടു. ഈ തീരുമാനത്തോട് ചാപ്റ്ററിലെ ഭൂരിഭാഗം അംഗങ്ങളും അനുകൂലിച്ചു. അന്ന് ഒരു പ്രാവാചക ശബ്ദമെന്നവണ്ണം മാര്‍. വര്‍ക്കി വിദയത്തില്‍ ഇപ്രകാരം പറഞ്ഞു ‘സീറോമലബാര്‍ സഭയില്‍ ഒരു പുതിയ യൂണിറ്റ് തുടങ്ങുക എന്നതീരുമാനം ഒരു ചരിത്ര തീരുമാനമാണ,് ഇത് ആഗോള ദിവ്യരക്ഷകസഭയെയും സീറോമലബാര്‍ യൂണീറ്റിനെയും വളര്‍ത്തുന്നതിന് സഹായകരമാകും’. പിന്തിരിഞ്ഞുനോക്കുമ്പോള്‍ പിന്നീടുള്ള പ്രൊവിന്‍സിന്റെ ചരിത്രം ഈ പ്രവചനത്തിന്റെ പൂര്‍ത്തീകരണമാണെന്നു തിരിച്ചറിയാന്‍ കഴിയും.
ആലുവാ റീജിയണ്‍
1990 ല്‍ റവ. ഫാ. ബെര്‍നാര്‍ഡ് പെരേര ബാഗ്ലൂര്‍ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യലായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ഈ പുതിയ സംരംഭത്തെ പിന്തുണക്കുകയും ആവശ്യകമായുള്ള സഹായസഹകരണങ്ങള്‍ നല്‍കുകയും ചെയ്തു. ബാഗ്ലൂര്‍ പ്രൊവിന്‍ഷ്യല്‍ ചാപ്റ്ററില്‍നിന്ന് അനുവാദം ലഭിച്ചതിനെതുടര്‍ന്ന് സീറോ മലബാര്‍ സഭയില്‍ അംഗങ്ങളായിരിക്കുന്നവര്‍ക്കുവേണ്ടി സീറോമലബാര്‍ സഭയില്‍ത്തന്നെ ഒരു പുതിയ യൂണിറ്റ് തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ അങ്ങനെ ആരംഭിച്ചു.
1991 ജൂലൈ 21 ലെ ഡിക്രി പ്രകാരം ബാഗ്ലൂര്‍ പ്രൊവിന്‍സിന്റെ EPC പുതിയ യൂണിറ്റിന് രൂപം നല്‍കി. ‘യൂണിറ്റ് ഓഫ് ആലുവ’ എന്ന പേരില്‍ അറിയപ്പെട്ട ഈ യൂണിറ്റിന്റെ ആസ്ഥാനം ചൊവ്വരയിലായിരുന്നു. 1992 ഫെബ്രുവരി 1 ന് റവ. ഫാ. ബെര്‍നാര്‍ഡ് പെരേര ആദ്യത്തെ റീജിയണല്‍ അസംബ്ലി ‘നിത്യസഹായ ഭവന്‍’ ചൊവ്വരയില്‍ വിളിച്ചുകൂട്ടുകയും ഫെബ്രുവരി 19-21 തീയതികളില്‍ അതു നടത്തപ്പെടുകയും ചെയ്തു.
1992 ഫെബ്രുവരി 19 നു ആലുവ യൂണിറ്റിന്റെ ഔദ്യോഗികപരമായ ഉദ്ഘാടനം ചൊവ്വരയില്‍ നടന്നു. ഉദ്ഘാടനസമയത്ത് അന്നത്തെ ബാഗ്ലൂര്‍ പ്രൊവിന്‍ഷ്യലായിരുന്ന റവ. ഫാ. ബെര്‍നാര്‍ഡ് പെരേര ഇപ്രകാരം പറയുകയുണ്ടായി, ‘ഈ പുതിയ റീജിയണ്‍ ദിവ്യരക്ഷകസഭയുടെതന്നെ വളര്‍ച്ചക്കും പുരോഗതിക്കും ഒരു മുതല്‍കൂട്ടായിതീരും’. ഫെബ്രുവരി 19 ന് ഉദ്ഘാടനം നടന്നുവെങ്കിലും റീജിയണിന്റെ ആദ്യത്തെ അസംബ്ലി കൂടിയത് 1992 ഫെബ്രുവരി 20-21 തീയതികളിലായിരുന്നു. ഈ അസംബ്ലിയില്‍വെച്ച് ഫാ. മൈക്കിള്‍ നായ്ക്കന്‍പറമ്പില്‍ ആദ്യത്തെ റീജിയണല്‍ സൂപ്പീരിയറും, ഫാ. തോമസ് മുളഞ്ഞനാനി, ഫാ. ജോര്‍ജ് അരീക്കല്‍ എന്നിവര്‍ കണ്‍സള്‍ട്ടേഴ്‌സായും തിരഞ്ഞെടുക്കപ്പെട്ടു.പുതിയ റീജിയണിന്റെ ഉദ്ഘാടനസമയത്തുതന്നെ ചൊവ്വര, എടൂര്‍ എന്നിങ്ങനെ 2 കാനോനികമായ ഭവനങ്ങള്‍ യൂണീറ്റിനുണ്ടായിരുന്നു. അന്ന് ഈ റീജിയണിലുണ്ടായിരുന്നത് 16 പുരോഹിതരും, 15 വൃതവാഗാദാനം നടത്തിയവരുമാണ്. റീജിയണിന്റെ ആരംഭസമയത്ത,് ആദ്യവര്‍ഷ സെമിനാരി പഠനം നല്‍കിയിരുന്നത് ചൊവ്വരയിലും തുടര്‍ന്ന് ബാഗ്ലൂരിലുമായിരുന്നു. അതുകൊണ്ടുതന്നെ റീജയണല്‍ കൗണ്‍സിലിന്റെ ആദ്യതീരുമാനങ്ങളിലൊന്നുതന്നെ ഒരു പ്രീ നോവിഷേറ്റ് പരിശീലനം നമ്മുടെ റീജിയണില്‍തന്നെ തുടങ്ങണം എന്നുള്ളതായിരുന്നു.
ആലുവ വൈസ് പ്രൊവിന്‍സ്
1995 എപ്രില്‍ 5 ന് ജനറല്‍ ഗവേണ്‍മെന്റ്, ആലുവ റീജീയണിനെ സ്വതന്ത്ര വൈസ് പ്രോവിന്‍സ് ആക്കി ഉയര്‍ത്തിക്കൊണ്ടുള്ള ഡിക്രി പുറപ്പെടുവിച്ചു (3802). അതോടൊപ്പംതന്നെ റീജിയണല്‍ സുപ്പീരിയറിനെയും ടീമിനെയും വൈസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറും ഓര്‍ഡിനറി കൗണ്‍സിലായും അടുത്ത ഇലക്ഷന്‍ വരെ തുടരാന്‍ ആവശ്യപ്പെട്ടു. അന്ന് വൈസ് പ്രൊവിന്‍സിന്റെ ഭരണകാര്യങ്ങള്‍ നേരിട്ട് ജെനറല്‍ ഗവേണ്‍മെന്റിന്റെ കീഴിലായിരുന്നു. എന്നാല്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറിനും അദ്ദേഹത്തിന്റെ കൗണ്‍സിലിനും സഭയുടെ കോണ്‍സ്റ്റിറ്റൂഷന്‍സും ജെനറല്‍ സ്റ്റാറ്റിയൂട്‌സും നല്‍കുന്ന അവകാശങ്ങളും കടമകളും ജനറല്‍ ഗവേണ്‍മെന്റ് ഉറപ്പുവരുത്തി. 1996 മെയ് 2 ന് പരിശുദ്ധ സിംഹാസനം ഈ വൈസ് പ്രോവിന്‍സിനെ സീറോ മലബാര്‍ സഭയുമായി ഒന്നിപ്പിച്ചുകൊണ്ടുള്ള ഡിക്രി പുറപ്പെടുവിച്ചു.
പുതിയ വൈസ് പ്രോവിന്‍സിന്റെ ഉദ്ഘാടനം 1995 ല്‍ വി. തോമാസ് ശ്ലീഹായുടെ തിരുനാള്‍ ദിനമായ ജൂലൈ 3 ന് ചൊവ്വരയില്‍ വച്ചുനടന്നു. അതിനുശേഷം 1996 ജൂണ്‍ 17-22 തീയതികളില്‍ ചൊവ്വര ‘നിത്യ സഹായ മാതാ’ ഭവനില്‍വെച്ച് ആദ്യത്തെ വൈസ് പ്രൊവിന്‍ഷ്യല്‍ ചാപ്റ്റര്‍ നടക്കുകയും ഫാ. മൈക്കിള്‍ നായ്ക്കന്‍പറമ്പിലിനെ ആദ്യത്തെ വൈസ് പ്രൊവിന്‍ഷ്യലായി തിരഞ്ഞെടുക്കുകയും ചെയ്തു.
ലിഗോരി പ്രൊവിന്‍സ്
ആലുവ വൈസ് പ്രൊവിന്‍സിന്റെ ചൈതന്യവും വളര്‍ച്ചയും തിരിച്ചറിഞ്ഞ ജനറല്‍ ഗവേണ്‍മെന്റ്, ഈ യൂണിറ്റിനെ ഒരു പ്രോവിന്‍സാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചു. അങ്ങനെ 2008 മാര്‍ച്ച് 19 ന് ജനറല്‍ ഗവണ്‍മെന്റ്, ആലുവ വൈസ് പ്രൊവിന്‍സിനെ ലിഗോരി പ്രോവിന്‍സാക്കി ഉയര്‍ത്തിക്കൊണ്ടുള്ള ഡിക്രി പുറത്തുവന്നു. ഈ പുതിയ പ്രോവിന്‍സിന്റെ ഉദ്ഘാടനം 2008 ജൂണ്‍ 27 ന് കര്‍ദിനാള്‍ മാര്‍. വര്‍ക്കി വിതയത്തില്‍ നിര്‍വഹിക്കുകയുണ്ടായി. അതേത്തുടര്‍ന്നു പ്രൊവിന്‍സിന്റെ ആസ്ഥാനം കാലടിക്കടുത്തുള്ള മറ്റൂരിലെ ‘ലിഗോരി ഭവനിലേക്കു’ മാറ്റുകയും ചെയ്തു.