സിസിലി: മുപ്പതുവര്‍ഷം മുമ്പ് മാഫിയാ സംഘം ക്രൂരമായി കൊല ചെയ്ത ജഡ്ജി റൊസാറിയോ ലിവാറ്റിനോയെ ദൈവദാസനായി പ്രഖ്യാപിച്ചു. 37 ാം വയസില്‍ 1990 സെപ്തംബര്‍ 21 നാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. അഭിഭാഷകനായി ജോലി ചെയ്യുമ്പോഴും തന്റെ ദൈവവിളി നീതിയോട് ആഭിമുഖ്യം പുലര്‍ത്തി ജീവിക്കുക എന്നതാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. മാഫിയ സംഘത്തിലെ ആളുകളെ നിയമപരമായി ശിക്ഷിച്ചതായിരുന്നു അദ്ദേഹം കൊല്ലപ്പെടാന്‍ കാരണമായത്.
വിശ്വാസജീവിതത്തില്‍ നിന്ന് മാത്രമേ നീതി നടപ്പിലാക്കാന്‍ കഴിയൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. കോടതിയിലേക്ക് പോകും വഴി ശത്രുക്കള്‍ ആദ്യം അദ്ദേഹത്തിന്റെ വാഹനത്തെ ഇടിക്കുകയും അതില്‍ നിന്ന് രക്ഷപ്പെട്ട അദ്ദേഹത്തെ വെടിവച്ചുകൊല്ലുകയുമായിരുന്നു. മരണത്തിന് ശേഷം അദ്ദേഹത്തിന്റെ ടേബിളില്‍ നിന്ന് ബൈബിള്‍ ഭാഗങ്ങളും ക്രൂശുരൂപവും കണ്ടെത്തുകയുണ്ടായി. ഒരു കുരിശുരൂപം അദ്ദേഹം എപ്പോഴും കൈയില്‍ സൂക്ഷിച്ചിരുന്നു.