പാക്കിസ്ഥാനില്‍ നിന്ന് തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനും ഇരയാക്കപ്പെട്ട മരിയ ഷഹബാസ് ഭര്‍ത്താവിന്റെ വീട്ടുതടങ്കലില്‍ നിന്ന് രക്ഷപ്പെട്ട വാര്‍ത്ത കഴിഞ്ഞദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുവല്ലോ. മരിയ മോചിതയായെങ്കിലും അവള്‍ക്ക് നേരെ ഭീഷണി ഉള്ള സാഹചര്യത്തില്‍ ഒളിവുജീവിതം തുടരുകയാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്തകള്‍. അമ്മയോടും സഹോദരങ്ങളോടുമൊപ്പം ഒന്നിച്ചുവെങ്കിലും ലൊക്കേഷനുകള്‍ മാറിക്കൊണ്ടിരിക്കുകയാണ്. കുടുംബത്തിന് നേരെ ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്.
മരിയയുടെ അമ്മ പല വീടുകളില്‍ ജോലി ചെയ്താണ് കുടുംബം നോക്കിയിരുന്നത്. പിതാവ്് വീടുവിട്ടുപോയതോടെ പഠനം അവസാനിപ്പിക്കേണ്ടി വന്നു മരിയായ്ക്ക്.
ഏപ്രിലിലാണ് മരിയയുടെ ജീവിതം ആകെ താറുമാറായത്. 28 കാരനായ താരിഖ് തോക്കുമുനയില്‍ നിര്‍ത്തി അവളെ തട്ടിക്കൊണ്ടുപോകുകയും പിന്നീട് മതം മാറ്റി വിവാഹം ചെയ്യുകയുമായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മകളെ തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് അമ്മ കോടതികയറിയിറങ്ങിയെങ്കിലും ഭര്‍ത്താവിനൊപ്പം മരിയ ജീവിക്കണമെന്നായിരുന്നു ഓഗസ്റ്റില്‍ കോടതി വിധിപ്രസ്താവിച്ചത്. തുടര്‍ന്നാണ് മരിയ വീട്ടുതടങ്കലില്‍ നിന്ന് രക്ഷപ്പെട്ടത്. മരിയയുടെ മടങ്ങിവരവില്‍ ഞങ്ങള്‍ ഏറെ സന്തോഷിക്കുന്നു. പാക്കിസ്ഥാനിലെ ഹോളി റോസറി ദേവാലയ വികാരി ഫാ. ഖാലിദ് റഷീദ് പറഞ്ഞു.
മരിയായുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും അച്ചന്‍ വ്യക്തമാക്കി. അവള്‍ കരയുകയായിരുന്നു. മാനസികവും ശാരീരികവുമായി പലവിധ പീഡനങ്ങള്‍ക്കും അവള്‍ ഇരയായി. രൂപതയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന വാര്‍ത്തകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹം വ്യക്തമാക്കി.