ബെയ്‌റൂട്ട്: ലോകത്തെ നടുക്കിയ ലെബനോന്‍ സ്‌ഫോടനത്തിന് ശേഷം സഭയ്ക്ക് വലിയ ഉത്തരവാദിത്തമാണ് ഉള്ളതെന്ന് മാരോനൈറ്റ് കത്തോലിക്കാ കര്‍ദിനാള്‍ ബെച്ചാറ ബുട്രോസ് റായ്.
ബെയ്‌റൂട്ട് നഗരം നാമാവശേഷമായി. ലെബനോനില്‍ ഉടനീളം ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടതായിട്ടുണ്ട്. സഭയ്ക്ക് ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്തമാണുള്ളത്. ദുരിതബാധിതരോട് സഭയ്ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളോട്, പരിക്കേറ്റവരോട്, വീടുകളും മറ്റും നഷ്ടമായവരോട്… അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് നാലിന് വെളുപ്പിനായിരുന്നു ലോകത്തെ നടുക്കിയ ഉഗ്രസ്‌ഫോടനം നടന്നത്. നൂറുപേര്‍ മരിച്ചതായിട്ടാണ് കണക്ക്. ആയിരക്കണക്കിനാളുകള്‍ക്ക് പരിക്കേറ്റു. 150 മൈല്‍ അകലെയുള്ള സൈപ്രസില്‍ വരെ സ്‌ഫോടനത്തിന്റെ അലയൊലികള്‍ ചെന്നിരുന്നു.
യുദ്ധമില്ലാത്ത യുദ്ധരംഗംപോലെയായിരിക്കുന്നു ബെയ്‌റൂട്ട്. എവിടെയും നാശനഷ്ടങ്ങള്‍ മാത്രം. ബെയ്‌റൂട്ടിന് സഹായം എത്തിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ മുന്നോട്ടുവരണമെന്നും കര്‍ദിനാള്‍ അഭ്യര്‍ത്ഥിച്ചു.