കരുണ ദാനമായി കിട്ടാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിനോട് കരുണ ദാനമായി കിട്ടുന്നതിന് വേണ്ടി കത്തോലിക്കര്‍ പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഈശോ വിശുദ്ധ ഫൗസ്റ്റീനയ്ക്ക് ആദ്യത്തെ ദര്‍ശനം നല്കിയതിന്റെ 90 ാം വാര്‍ഷികത്തോട് അനുബന്ധിച്ച് സന്ദേശം നല്കുകയായിരുന്നു പാപ്പ.

1931 ഫെബ്രുവരി 22 നാണ് പോളണ്ടിലെ കന്യാസ്ത്രീയായ സിസ്റ്റര്‍ ഫൗസ്റ്റീനക്ക് ഈശോയുടെ ആദ്യ ദര്‍ശനമുണ്ടായത്. വെള്ള വസ്ത്രധാരിയായ, ഹൃദയത്തില്‍ നിന്ന് രണ്ടു നിറത്തിലുള്ള പ്രകാശരശ്മിയുമായിട്ടാണ് ക്രിസ്തു തനിക്ക് ആദ്യമായി ദര്‍ശനം നല്കിയതെന്നാണ് ഫൗസ്റ്റീനയുടെ വാക്കുകള്‍. കരുണയുടെ ഈശോയോടുള്ള ഭക്തിക്ക് തുടക്കം കുറിക്കപ്പെട്ടത് പ്രസ്തുത ദര്‍ശനമായിരുന്നു. എന്റെ ഈ രൂപത്തെ ആദ്യം കോണ്‍വെന്റ് ചാപ്പലിലും പിന്നീട് ലോകം മുഴുവനും വണങ്ങുന്നതിനായി പ്രതിഷ്ഠിക്കണമെന്നും ഈശോ ഫൗസ്റ്റീനയോട് ആവശ്യപ്പെട്ടു. സിസ്റ്റര്‍ ഫൗസ്റ്റീനയുടെ മരണത്തിന് ശേഷം 1938 ല്‍ പോളീഷ് ചിത്രകാരനായ eugeniusz kazimirowski ആണ് ദര്‍ശനപ്രകാരം ഈശോയുടെ ചിത്രം വരച്ചത്.

എങ്കിലും 1943 ല്‍ പോളീഷ് ചിത്രകാരനായ അഡോള്‍ഫ് വരച്ച ചിത്രത്തിനാണ് കൂടുതല്‍ പ്രചാരം ലഭിച്ചത്. രണ്ടായിരമാണ്ടില്‍ സിസ്റ്റര്‍ ഫൗസ്റ്റീനയെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശുദ്ധപദവിയിലേക്കുയര്‍ത്തി. പുതിയ മില്ലേനിയത്തിലെ ആദ്യ വിശുദ്ധയായിരുന്നു ഫൗസ്റ്റീന.

ഈശോയേ ഞാന്‍ അങ്ങയില്‍ ശരണപ്പെടുന്നു എന്ന് വിശ്വാസത്തോടെ നമുക്ക് പ്രാര്‍ത്ഥിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് പാപ്പ സന്ദേശം അവസാനിപ്പിച്ചത്.