തകര്‍ന്ന കെട്ടിടത്തിന് മുമ്പില്‍ പ്രാര്‍ത്ഥനയോടെ മിയാമിയിലെ കത്തോലിക്കര്‍

മിയാമി: സൗത്ത് ഫ്‌ളോറിഡായിലെ തകര്‍ന്നുവീണ കെട്ടിടത്തിന് മുമ്പില്‍ പ്രാര്‍ത്ഥനയോടെ മിയാമിയിലെ വിശ്വാസികള്‍. നൂറുകണക്കിന് വിശ്വാസികളാണ് അപകടത്തില്‍ പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കുമായി പ്രാര്‍ത്ഥിക്കാനായി ഒരുമിച്ചുകൂടിയത്. കഴിഞ്ഞ വ്യാഴാഴ്ച വെളുപ്പിന് ഒന്നരയ്ക്കാണ് പന്ത്രണ്ടുനില കെട്ടിടം തകര്‍ന്നുവീണത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണമായിട്ടില്ല. പത്തുപേര്‍ മരണമടഞ്ഞതായിട്ടാണ് കണക്ക്. 151 പേരെ കാണാതായിട്ടുണ്ട്. അവരെക്കുറിച്ച് ഇനിയും വിവരം ലഭ്യമായിട്ടില്ല.

മിയാമി അതിരൂപതയിലെ സെന്റ് ജോസഫ് ദേവാലയം തകര്‍ന്നുവീണ കെട്ടിടത്തിന് സമീപത്താണ്.ഇടവകക്കാരായ ഒമ്പതു കുടുംബങ്ങളും ഈ കെട്ടിടത്തില്‍ താമസിച്ചിരുന്നവരാണ്. അവരെക്കുറിച്ച് ഇനിയും വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ലെന്ന് വികാരി ഫാ. ജോസ് സോസ പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പ ഈ സംഭവത്തില്‍ അനുശോചനവും പ്രാര്‍ത്ഥനയും രേഖപ്പെടുത്തി മിയായി അതിരൂപത ആര്‍ച്ച് ബിഷപിന് കത്തയച്ചു.