കുടിയേറ്റക്കാരില്‍ ക്രിസ്തുവിന്റെ മുഖം കാണുക: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: കുടിയേറ്റക്കാരിലും അഭയാര്‍ത്ഥികളിലും ക്രിസ്തുവിന്റെ മുഖം കാണണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പരിശുദ്ധകന്യാമറിയം ഇക്കാര്യത്തില്‍ ക്രൈസ്തവരെ സഹായിക്കുമെന്നും വിശുദ്ധ കുര്‍ബാനയില്‍ അമ്മയോട് മാധ്യസ്ഥം തേടണമെന്നും പാപ്പ പറഞ്ഞു. പരിശുദ്ധ ജപമാലയുടെ ലുത്തീനിയായില്‍ കുടിയേറ്റക്കാരുടെ മാതാവേ എന്ന വിശേഷണം അടുത്തയിടെയാണ് പാപ്പ കൂട്ടിച്ചേര്‍ത്തത്. ലാമ്പെദൂസ ദ്വീപ് സന്ദര്‍ശിച്ചതിന്റെ ഏഴാം വാര്‍ഷികത്തോട് അനുബന്ധിച്ച് ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു പാപ്പ.

ഈ ചെറിയവരില്‍ ഒരുവന് ചെയ്തുകൊടുത്തപ്പോഴെല്ലാം എനിക്ക് തന്നെയാണ് ചെയ്തുതന്നതെന്ന ക്രിസ്തുവിന്റെ വചനങ്ങളും പാപ്പ ഓര്‍മ്മിപ്പിച്ചു. ഇന്നും വിശന്നും നഗ്നനനായും രോഗിയായും ജയില്‍വാസിയായും ക്രിസ്തു നമ്മുടെ വാതിലുകളില്‍ മുട്ടുന്നുണ്ടെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ലാമ്പദൂസ സന്ദര്‍ശനവേളയില്‍ കണ്ടുമുട്ടിയ കുടിയേറ്റക്കാരന്റെ അനുഭവവും പാപ്പ പങ്കുവച്ചു.

2013 ജൂലൈ എട്ടിനാണ് പാപ്പ ആദ്യമായി ലാമ്പദൂസ സന്ദര്‍ശിച്ചത്.