സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകുന്നു

ചങ്ങനാശ്ശേരി: ക്രൈസ്തവ ന്യൂനപക്ഷ പ്രശ്‌നങ്ങളിലെ പരാതികളില്‍ പഠനം നടത്തുന്നതിന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നടത്തിയ ജില്ലാതല സിറ്റിംങുകളില്‍ തുടര്‍നടപടികളും പരിഹാരമാര്‍ഗ്ഗങ്ങളും വൈകിക്കുന്നതായി ചങ്ങനാശ്ശേരി അതിരൂപത. 2019 ജൂണ്‍ മുതല്‍ നവംബര്‍ വരെ പത്തുജില്ലകളിലായി നടന്ന സിറ്റിംങുകളില്‍ വിവിധ ക്രൈസ്തവ സംഘടനകളും വ്യക്തികളും പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചിരുന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ നിലനില്ക്കുന്ന വിവേചനങ്ങളും 80:20 അനുപാതവും സംബന്ധിച്ച് പരാതികള്‍ ക്രൈസ്തവസംഘടനകള്‍ കമ്മീഷനില്‍ സമര്‍പ്പിച്ചിരുന്നു.

ഒരു വര്‍ഷം കഴിഞ്ഞിട്ടും യാതൊരുവിധ അറിയിപ്പുകള്‍ ലഭിക്കുകയോ റിപ്പോര്‍ട്ട്‌സര്‍ക്കാരിന് സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല. ഇത്തരം നീതിനിഷേധത്തില്‍ അടിയന്തിരമായി ഇടപെടലുകള്‍ നടത്തണമെന്നാണ് ചങ്ങനാശ്ശേരി അതിരൂപതാ കേന്ദ്രം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.