മദര്‍ തെരേസയുടെ അഭിപ്രായത്തില്‍ ഇവ സൗഖ്യപ്പെടുത്താന്‍ ദുഷ്‌ക്കരമായ ആത്മീയരോഗങ്ങളാണ്

ഇന്ന് വിശുദ്ധ മദര്‍ തെരേസയുടെ തിരുനാളാണല്ലോ. ആധുനിക ലോകം കണ്ട ഏറ്റവും വലിയ ക്രിസ്തു ശിഷ്യയായിരുന്നു മദര്‍ തെരേസ. ദരിദ്രരെയും മരണാസന്നരെയും അഗതികളെയും ഒരേ സ്‌നേഹത്തോടെ ആശ്ലേഷിച്ച ക്രിസ്തു ശിഷ്യ. സ്വച്ഛമായ മരണത്തിന് അനേകരെ ഒരുക്കിയ വിശുദ്ധ.

എന്നാല്‍ ശാരീരികമായ രോഗങ്ങളെക്കാള്‍ ആത്മീയമായ രോഗങ്ങളാണ് സൗഖ്യപ്പെടുത്താന്‍ ദുഷ്‌ക്കരമായിട്ടുളളത് എന്നായിരുന്നു മദര്‍ തെരേസ വിശ്വസിച്ചിരുന്നത്. ശാരീരികരോഗങ്ങളെക്കാള്‍ ആത്മീയരോഗങ്ങള്‍ മനുഷ്യജീവിതത്തെ ദോഷകരമാക്കുന്നുവെന്നും അഗതികളുടെ അമ്മ വിശ്വസിച്ചു. പാശ്ചാത്യലോകത്തിലെ ഏറ്റവും വലിയ രോഗങ്ങള്‍ ക്ഷയമോ കുഷ്ഠരോഗമോ അല്ലെന്നായിരുന്നു മദറിന്റെ വിശ്വാസം. മറിച്ച് തനിക്കാരുമി്‌ല്ലെന്നും തന്നെ ആര്‍ക്കും വേണ്ടെന്നും തന്നെ ആരും സ്‌നേഹിക്കുന്നില്ല എന്നുമുള്ള വിചാരമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ രോഗമെന്നായിരുന്നു മദറിന്റെ വിശ്വാസം.

ആത്മീയമായ ദാരിദ്ര്യമാണ് ഇന്ന് ലോകത്തെ ഏറ്റവും അധികമായി ബാധിച്ചിരിക്കുന്നത് എന്നും മദര്‍ വിശ്വസിച്ചു. കൊല്‍ക്കൊത്ത കേന്ദ്രമായി കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയ മദര്‍ തെരേസ നമ്മോട് പറയുന്ന മറ്റൊരു ആഹ്വാനം ഇതാണ്.

നിങ്ങള്‍ എവിടെയാണോ ഉള്ളതഅ വിടെ മറ്റൊരു കൊല്‍ക്കൊത്തയാക്കുക. രോഗികളെ, ദുരിതം അനുഭവിക്കുന്നവരെ, ഏകാകികളെ കണ്ടെത്തുക. അത് ചിലപ്പോള്‍ നിങ്ങളുടെ വീടുകളിലായിരിക്കാം, മറ്റ് വീടുകളിലായിരിക്കാം. സ്‌കൂളിലോ തൊഴില്‍ ഇടങ്ങളിലോ ആയിരിക്കാം. കാണാന്‍ കണ്ണുകളുണ്ടെങ്കില്‍ ഈ ലോകത്തിലെവിടെയും നിങ്ങള്‍ക്ക കൊല്‍ക്കൊത്തയാക്കാം. ആരും വേണ്ടാത്തവരെ, ആരും സ്‌നേഹിക്കാനില്ലാത്തവരെസ ആരും പരിഗണിക്കാനില്ലാത്തവരെ കണ്ടെത്തുക. അവരെ സ്‌നേഹിക്കുക. മദര്‍ തെരേസയുടെ ഈ വാക്കുകള്‍ കഴിവതുപോല്‍ നടപ്പിലാക്കാന്‍ ഈ തിരുനാള്‍ ദിനത്തില്‍ നമുക്ക് ശ്രമിക്കാം.