fbpx
Sunday, November 24, 2024

നിത്യസഹായ മാതാവ്

ദീര്‍ഘമായ ചരിത്രവും ആഴമേറിയ അര്‍ത്ഥവും നിറഞ്ഞതാണ് നിത്യസഹായമാതാവിന്റെ ചിത്രം. വി. ലൂക്ക സുവിശേഷകന്‍ വരച്ചത് എന്ന് കരുതപ്പെടുന്ന ഈ അത്ഭുതചിത്രം പണ്ടുമുതലെ സെന്റ് ക്രീറ്റ് എന്ന ദ്വീപില്‍ ഭക്തരാല്‍ വണങ്ങപ്പെട്ടുപോന്നിരുന്നു. 15-ാം നൂറ്റാണ്ടിന്റെ അവസാനം ഈ പുണ്യ ചിത്രത്തില്‍ ആകൃഷ്ടനായ ഒരു വ്യാപാരി ക്രീറ്റില്‍നിന്നും അത് മോഷ്ടിച്ച് മറ്റു ചരക്കുകളുടെ കൂടെ ഈ ചിത്രവും തന്റെ നാട്ടിലേക്ക് കൊണ്ടുപോയി. ഒരു വര്‍ഷത്തിന് ശേഷം റോമിലെത്തിയ അദ്ദേഹം തന്റെ ഒരു സ്‌നേഹിതനോട് ഈ ചിത്രത്തെക്കുറിച്ചു പറയുകയും തന്റെ മരണശേഷം ഈ ചിത്രം പൊതുജനവണക്കത്തിന് യോജ്യമായ ഒരു സ്ഥലത്ത് സ്ഥാപിക്കണം എന്നു ആവിശ്യപ്പെടുകയും ചെയ്തു. വ്യാപാരിയുടെ മരണശേഷം, അദ്ദേഹത്തിന്റെ സ്‌നേഹിതന്‍ ഈ ചിത്രം പൊതുവണക്കത്തിനായി ഏതെങ്കിലും ദേവാലയത്തില്‍ സ്ഥാപിക്കുവാന്‍ ആഗ്രഹിച്ചെങ്കിലും അദ്ദേഹത്തിന്റെ ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി നിത്യസഹായ മാതാവിന്റെ ചിത്രം സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി അവരുടെ കിടപ്പുമുറിയല്‍ സ്ഥാപിക്കുകയാണ് ചെയ്തത്.

ഏതാണ്ട് ഒരു വര്‍ഷം തികയുതിനു മുന്‍പേ റോമാക്കാരനായ ഈ വ്യക്തിക്കും, അദ്ദേഹത്തിന്റെ ഭാര്യക്കും അവരുടെ കൊച്ചുമകള്‍ക്കും മാതാവ് പലപ്രാവിശ്യം പ്രത്യക്ഷപ്പെട്ട് ഈ ചിത്രം പൊതുജനവണക്കത്തിന് യോജ്യമായ സ്ഥലത്ത് സ്ഥാപിക്കണം എന്ന് ആവിശ്യപ്പെട്ടു. അവരുടെ കൊച്ചുമകള്‍ക്ക് മാതാവ് പ്ര്യത്യക്ഷപെട്ടപ്പോള്‍, താന്‍ നിത്യസഹായമാതാവാണെന്ന് പറയുകയും, പൊതുജനവണക്കത്തിനായി ഈ ചിത്രം, റോമിലെ പ്രസിദ്ധമായ സെന്റ് മേരി മേജര്‍, സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കകളുടെ മധ്യേ സ്ഥിതിചെയ്യുന്ന വി. മത്തായി ശ്ലീഹായുടെ നാമത്തിലുള്ള ദേവാലയത്തില്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നിത്യസഹായ മാതാവ് എന്ന പേര് മാതാവ് തന്നെ വെളിപെടുത്തിയതാണ്. അതുപോലെതന്നെ, ഈ ചിത്രം പൊതുജനവണക്കത്തിനായി സ്ഥാപിക്കേണ്ട സ്ഥലവും മാതാവ് തിരഞ്ഞെടുത്തതാണ്.

ഇതറിഞ്ഞയുടനെ ആ ബാലികയുടെ അമ്മ, പ്രസ്തുത ദേവാലയത്തിന്റെ അന്നത്തെ ചുമതലക്കാരായിരുന്ന അഗസ്തീനിയന്‍ സന്യാസിമാരെ ചെന്നുകാണുകയും നടന്ന സംഭവങ്ങളെക്കുറിച്ചെല്ലാം വിശദമായി അറിയിക്കുകയും ചെയ്തു. തല്‍ഫലമായി, 1499 മാര്‍ച്ച് മാസം 27-ാം തിയതി, വലിയ ഒരു ഭക്തജനാവലിയുടെ നിറസാിദ്ധ്യത്തില്‍, നിത്യസഹായ മാതാവിന്റ ചിത്രം വി. മത്തായി ശ്ലീഹായുടെ നാമത്തിലുള്ള ദേവാലയത്തില്‍ പ്രതിഷ്ഠിച്ചു. തുടര്‍ന്നുവന്ന മൂന്നു നൂറ്റാണ്ടുകാലം ധാരാളം ഭക്തജനങ്ങള്‍ നിത്യസഹായ മാതാവിന്റെ അടുക്കല്‍ വന്ന് പ്രര്‍ത്ഥിക്കുകയും നിരവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുകയും ചെയ്തു.

വി. മത്തായിശ്ലീഹായുടെ ദേവാലയത്തില്‍ നിത്യസഹായ മാതാവിന്റെ ചിത്രം പ്രതിഷ്ഠിക്കപ്പെട്ടിരുന്ന സമയം പ്രതാപത്തിന്റേതായ കാലഘട്ടമായിരുന്നു – ക്ലേശിതര്‍ക്ക് ആശ്വാസവും, ദുഃഖിതര്‍ക്ക് സന്തോഷവും, ബലഹീനര്‍ക്ക് ശക്തിയും പാപികള്‍ക്ക് അഭയവുമായിരുന്ന ഒരു കാലഘട്ടം. നിത്യസഹായ മാതാവിന്റെ മാധ്യസ്ഥം വഴി അവിടെ നടന്ന അത്ഭുതങ്ങളും നിരവധിയാണ്. മാതാവിന്റെ സന്നിധിയലേയ്ക്ക് ഒഴുകിയിരുന്ന ഭക്തജനങ്ങള്‍ത്തന്നെ ഇതിന് ഏറ്റവും വലിയ തെളിവായിരുന്നു.

എന്നാല്‍ ഈ പ്രതാപകാലഘട്ടം അധികം നീണ്ടുനിന്നില്ല. 18-ാം നൂറ്റാണ്ടിന്റെ അവസാനവര്‍ഷങ്ങളില്‍ ഫ്രാന്‍സിലെ സ്വേച്ഛാധിപതിയായിരുന്ന നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്, യൂറോപ്പിലെ ഓരോ രാജ്യവും പിടിച്ചടക്കിക്കൊണ്ട് മുേന്നറി. റോമിനെയും നെപ്പോളിയന്‍ വെറുതെ വിട്ടില്ല. 1798-ല്‍ അദ്ദേഹത്തിന്റെ സൈന്യം റോം ആക്രമിക്കുകയും മുപ്പതില്‍പരം ദേവാലയങ്ങള്‍ തകര്‍ക്കുകയും ചെയ്തു. അതില്‍, നിത്യസഹായ മാതാവിന്റെ ചിത്രം പ്രതിഷ്ഠിച്ചിരുന്ന വി. മത്തായി ശ്ലീഹായുടെ നാമത്തിലുള്ള ദേവാലയവും ഉള്‍പ്പെട്ടിരുന്നു. പ്രസ്തുത ദേവാലയം കല്ലിന്‍മേല്‍ കല്ല് ശേഷിക്കാതെ തകര്‍ക്കപ്പെട്ടു. അതോടൊപ്പംതന്നെ ദേവാലയത്തിലെ നിത്യസഹായ മാതാവിന്റെ അത്ഭുതചിത്രം അപ്രത്യക്ഷമാവുകയുംചെയ്തു. ദേവാലയത്തോടൊപ്പം ഈ ചിത്രവും നശിപ്പിക്കപ്പട്ടുവെന്ന് എല്ലാവരും കരുതി. എന്നാല്‍, ദേവാലയം തകര്‍ക്കപ്പെട്ടപ്പോള്‍ അവിടെ നിന്നും പടിയിറങ്ങിയ അഗസ്തീനിയന്‍ സ്യാസികള്‍ മതാവിന്റെ അത്ഭുതചിത്രം പോസ്‌റ്റെരുലായിലുള്ള അവരുടെ ആശ്രമ ദേവാലയത്തിലെ കപ്പേളയിലേക്കു കൊണ്ടുപോയി.

വീണ്ടും ഏതാണ്ട് 67 വര്‍ഷങ്ങളോളം ഈ ചിത്രം ആരാലും അറിയപ്പെടാതെപോയി. പോസ്‌റ്റെരുലായിലുള്ള ആശ്രമത്തിലെ അഗസ്റ്റിന്‍ ഒര്‍സെറ്റി എന്ന വൃദ്ധ സന്യാസ സഹോദരനല്ലാതെ ആര്‍ക്കും ഈ അത്ഭുത ചിത്രത്തിന്റെ ചരിത്രമോ പ്രാധാന്യമോ അറിയില്ലായിരുന്നു. പക്ഷേ ആശ്രമദേവാലയത്തില്‍ സ്ഥിരമായി വന്നുകൊണ്ടിരുന്ന മൈക്കിള്‍ മാര്‍ച്ചി എന്ന അള്‍ത്താരബാലനോട് ബ്രദര്‍ അഗസ്റ്റിന്‍ ഒര്‍സെറ്റി ഈ അത്ഭുത ചിത്രത്തെക്കുറിച്ചു തനിക്കറിയാവുന്ന കാര്യങ്ങള്‍ പലപ്പോഴായി പറഞ്ഞു കൊടുത്തിരുന്നു. പില്‍കാലത്ത് ഈ ബാലന്‍ ദിവ്യരക്ഷക സഭയില്‍ ചേര്‍ന്ന് ഒരു സന്ന്യാസ വൈദികനായിത്തീര്‍ന്നു.

9-ാം പീയൂസ് മാര്‍പാപ്പയുടെ പ്രത്യേക തല്‍പര്യപ്രകാരം 1855-ല്‍ ദിവ്യരക്ഷക സഭാ വൈദികര്‍ റോമിലെത്തുകയും, തകര്‍ക്കപ്പെട്ട വി. മത്തായിശ്ലീഹായുടെ ദേവാലയം നിലനിന്നിരുന്ന സ്ഥലം വാങ്ങി അവരുടെ ജനറലേറ്റ് അവിടേക്കു മാറ്റുകയും ചെയ്തു. അതോടൊപ്പംതന്നെ, ദിവ്യരക്ഷക സഭാ സ്ഥാപകനായ വി. അല്‍ഫോന്‍സസ് ലിഗോരിയുടെ നാമധേയത്തില്‍ ഒരു ദേവാലയവും അവര്‍ അവിടെ പണിതു.

1863 ഫെബ്രുവരിമാസം 7-ാം തിയതി, ഫ്രാന്‍സെസ്‌കോ ബ്ലാസി എന്ന ഒരു ഈശോ സഭാ വൈദികന്‍, അദ്ദേഹത്തിന്റെ മാതാവിനെക്കുറിച്ചുള്ള പ്രസംഗപരമ്പരയുടെ ഭാഗമായി നിത്യസഹായ മാതാവിന്റെ അത്ഭുതചിത്രത്തെക്കുറിച്ച് പ്രസംഗിക്കുകയും ചിത്രത്തിന്റെ ചരിത്രത്തെയും അത് കാണാതെ പോകുവാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ചും വിവരിക്കുകയുമുണ്ടായി. പ്രസംഗത്തിന്റെ അവസാനം അദ്ദേഹം തന്റെ ശ്രോതാക്കള്‍ക്ക് ആര്‍ക്കെങ്കിലും പ്രസ്തുത ചിത്രത്തെക്കുറിച്ച് അറിയാമെങ്കില്‍ അവര്‍ വഴി ചിത്രം പുനസ്ഥാപിക്കപ്പെടുവാന്‍ ഇടയാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ എഡ്വേര്‍ഡ്ഷ്വന്‍ ഡെന്‍ഹാമര്‍ എന്ന ഒരു ദിവ്യരക്ഷക സഭാ വൈദികന്‍ പഴയ ഒരു പുസ്തകത്തില്‍ തകര്‍ക്കപ്പെട്ട വിശുദ്ധ മത്തായി ശ്ലീഹായുടെ നാമധേയത്തിലുള്ള ദേവാലയത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന നിത്യസഹായമാതാവിന്റെ അത്ഭുത ചിത്രത്തെക്കുറിച്ചും വായിക്കുവാന്‍ ഇടയായി. ആ ദേവാലയം നിലനിന്നിരുന്ന അതേ സ്ഥലത്തുതയൊണ് ഇപ്പോള്‍ തങ്ങളുടെ ജനറലേറ്റും വി. അല്‍ഫോന്‍സസ് ലിഗോരിയുടെ നാമധേയത്തിലുള്ള ദേവാലയവും സ്ഥിതിചെയ്യുതെനന് അദ്ദേഹം മനസിലാക്കി. ഒരിക്കല്‍ ഒരു മദ്ധ്യാഹ്ന ഉല്ലാസവേളയില്‍ ഈ രണ്ടു കാര്യങ്ങളെയുംകുറിച്ച് ദിവ്യരക്ഷക സഭാ വൈദികര്‍ ചര്‍ച്ച ചെയ്തു, ആ നേരത്ത് ദൈവിക പദ്ധതി എന്നവണ്ണം അവരോടൊപ്പം മൈക്കിള്‍ മാര്‍ച്ചി എന്ന യുവ വൈദികനും ഉണ്ടായിരുന്നു. നിത്യസഹായ മാതാവ് എന്ന നാമം കേട്ടപ്പോള്‍ത്തന്നെ, ബാല്യകാലത്ത് അഗസ്റ്റിന്‍ ഒര്‍സെറ്റി എ അഗസ്റ്റീനിയന്‍ സന്യാസിയില്‍നിന്ന്, നിത്യസഹായ മാതാവിന്റെ അത്ഭുത ചിത്രത്തെക്കുറിച്ച് കേട്ടത് അദ്ദേഹം ഓര്‍ത്തു, ആ ചിത്രത്തിന്റെ ചരിത്രത്തെക്കുറിച്ച് അദ്ദേഹം തന്റെ സഹ വൈദികരോട് പങ്കുവയ്ക്കുകയും ചെയ്തു.

ദിവ്യരക്ഷക സഭയുടെ അന്നത്തെ സുപ്പീരിയര്‍ ജനറലായിരുന്ന ബഹു. ഫാ. നിക്കോളാസ് മോറണ്‍, നിത്യസഹായമാതാവിന്റെ അത്ഭുത ചിത്രത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമായി പഠിച്ച് ആവശ്യമായ തെളിവുകള്‍ ശേഖരിച്ചതിന് ശേഷം 1865 ഡിസംബര്‍ 11-ന് പരിശുദ്ധ പിതാവ് 9-ാം പീയൂസ് മാര്‍പാപ്പയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുകയും നിത്യസഹായ മാതാവിന്റെ യഥാര്‍ത്ഥ ചിത്രം തങ്ങളെ ഏല്‍പ്പിക്കുവാനുള്ള കല്‍പന പുറപ്പെടുവിക്കണമൈന്ന് താഴ്മയോടെ അപേക്ഷിക്കുകയും ചെയ്തു. 9-ാം പീയുസ് മാര്‍പാപ്പ കാര്യങ്ങളെല്ലാം വ്യക്തമായി മനസിലാക്കിയതിനുശേഷം പ്രസ്തുത ചിത്രം ദിവ്യരക്ഷക സഭാ വൈദികരെ ഏല്‍പ്പിക്കുവാന്‍ പോസ്‌റ്റെറുലായിലുള്ള അഗസ്റ്റീനിയന്‍ ആശ്രമത്തിലെ സുപ്പീരിയറോട് ആവശ്യപ്പെട്ടു. അതിന് പകരമായി പ്രസ്തുത ചിത്രത്തിന്റെ ഒരു അനുരൂപചിത്രം അഗസ്റ്റീനിയന്‍ ആശ്രമത്തിനു നല്‍കണമെന്ന് ദിവ്യരക്ഷക സഭയുടെ ജനറാളച്ചനോട് മാര്‍പാപ്പ ആവശ്യപെടുകയും ചെയ്തു. അതോടൊപ്പംതന്നെ, മാര്‍പാപ്പ നിത്യസഹായ മാതാവിനെ ലോകമെങ്ങും അറിയിക്കുക എന്ന പ്രത്യേക ദൗത്യവും ദിവ്യരക്ഷക സഭാ വൈദികരെ ഭരമേല്‍പ്പിച്ചു.

ദിവ്യരക്ഷക സഭാ വൈദികരെ സംബന്ധിച്ച് ഇതില്‍പരം സന്തോഷം നല്‍കുന്ന മറ്റൊരു വാര്‍ത്ത അവര്‍ക്കു ലഭിക്കാനില്ലായിരുന്നു. 1886 ജനുവരി മാസത്തില്‍ തന്നെ പോസ്‌റ്റെറുലായിലുള്ള അഗസ്റ്റീനിയന്‍ ആശ്രമത്തില്‍ എത്തിയ അവര്‍, നിത്യസഹായ മാതാവിന്റെ ചിത്രത്തിന്റെ ചരിത്രം അഗസ്റ്റീനിയന്‍ സന്യാസികള്‍ക്ക് വിവരിച്ചു കൊടുക്കുകയും അവരുടെ ആഗമനോദ്ദേശം വ്യക്തമാക്കുകയും ചെയ്തു. കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കിയ അവര്‍ സന്തോഷത്തോടെ നിത്യസഹായ മാതാവിന്റെ അത്ഭുത ചിത്രം ദിവ്യരക്ഷക സഭാ വൈദികര്‍ക്കു കൈമാറി.

വൈകാതെതന്നെ പ്രസ്തുത ചിത്രം അതിന്റെ യഥാസ്ഥാനത്ത് പുനസ്ഥാപിക്കുവാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. അതിന്റെ ഭാഗമായി, കാലപ്പഴക്കത്തില്‍ ചിത്രത്തിനു വന്ന കേടുപാടുകളെല്ലാം തീര്‍ത്ത് ചിത്രത്തെ പുനപ്രതിഷ്ഠക്കായി ഒരുക്കി. 1966 ഏപ്രില്‍ 26-ന് ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് ദിവ്യരക്ഷക സഭാ വൈദികരുടെ ആശ്രമത്തില്‍നിന്നും പ്രദിക്ഷണമായി ചിത്രം വി. അല്‍ഫോന്‍സസ് ലിഗോരിയുടെ നാമധേയത്തിലുള്ള ദേവാലയത്തിലേയ്ക്ക് കൊണ്ടുപോവുകയും പ്രധാന അള്‍ത്താരയില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. ഇന്നും ഈ ഐക്കണ്‍ വി. അല്‍ഫോന്‍സസ് ലിഗോരിയുടെ നാമധേയത്തിലുള്ള ദേവാലയത്തിന്റെ പ്രധാന അള്‍ത്താരയിലാണ് ഉള്ളത്.

അതോടുകുടി നിത്യസഹായ മാതാവിനോടുള്ള ഭക്തിയുടെ സുവര്‍ണ്ണകാലഘട്ടം ആരംഭിച്ചു. 9-ാം പീയൂസ് മാര്‍പാപ്പയുടെ ‘മാതാവിനെ ലോകമെങ്ങും അറിയിക്കുക’ എന്ന കല്‍പന ശിരസാല്‍ വഹിച്ചുകൊണ്ട് ദിവ്യരക്ഷകാസഭാ വൈദികര്‍ നിത്യസഹായ മാതാവിനോടുള്ള ഭക്തി ലോകമെങ്ങും അറിയിച്ചു. ഇന്നും ഈ ദൗത്യം അവര്‍ ഏറ്റവും വിശ്വസ്തതയോടെ നിര്‍വഹിച്ചു പോരുന്നു.

നിത്യസഹായ മാതാവിനോടുള്ള ഭക്തി ലോകമെങ്ങും പ്രചരിപ്പിച്ചത് ദിവ്യരക്ഷക സന്യാസസമൂഹത്തിലെ വൈദികരായിരുന്നെങ്കിലും ഭാരതത്തില്‍, പ്രത്യേകിച്ച് കേരളത്തില്‍, നിത്യസഹായ മാതാവിനോടുള്ള ഭക്തിയ്ക്ക് ആരംഭം കുറിച്ചത് അവരല്ലായിരുന്നു. നിത്യസഹായ മാതാവിന്റെ നാമത്തിലുള്ള ഭാരതത്തിലെ ആദ്യത്തെ ദേവാലയം സ്ഥാപിതമാകുന്നത് 1924 ല്‍ ചാത്തമയിലാണ്. കൊച്ചി നഗരത്തില്‍ നിന്നും 15 കിലോമീറ്റല്‍ കിഴക്കായി കൈതപ്പുഴ കായലിന്റെ തീരത്തോട് ചേര്‍ന്നു കിടക്കുന്ന ദ്വീപുകളില്‍പ്പെട്ട രണ്ടു ദേശങ്ങളാണ് ചാത്തമ്മയും ചേപ്പനവും. ഈ രണ്ടു ദേശങ്ങളുടെയും മദ്ധ്യഭാത്തായാണ് നിത്യസഹായ മാതാവിന്റെ നാമത്തിലുള്ള ദേവലയം സ്ഥിതിചെയ്യുന്നത്. പുതിയകാവ് പള്ളി വികാരിയായിരുന്ന മോണ്‍ ജോസഫ് പൈനുങ്കലച്ചന്‍, ചാത്തമ്മ പ്രദേശത്തെ വിശ്വാസികളുടെ ആത്മീയകാര്യങ്ങള്‍ നിറവേറ്റുവാനുള്ള ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി 1924-ല്‍ കൊച്ചി സംസ്ഥാനത്തിന്റെ ദിവാന്‍ പേഷ്‌കാര്‍ ശ്രീ. കസ്തൂരി രങ്കയ്യറില്‍നിന്നും ചാത്തമ്മ പ്രദേശത്ത് ഒരു പള്ളി പണിയുന്നതിനുള്ള അനുമതി വാങ്ങി. ഒക്‌ടോബര്‍ മാസം 5-ാം തിയതി ഒരു കുരിശ് സ്ഥാപിച്ചുകൊണ്ട് അച്ചന്‍ പള്ളിപണിക്ക് തുടക്കമിടുകയും നിത്യസഹായമാതാവിന്റെ ചിത്രം അവിടെ സ്ഥാപിക്കുകയും ചെയ്തു.

റോമിലെ വി. അല്‍ഫോന്‍സസ് ലിഗോരിയുടെ നാമത്തിലുള്ള ദേവാലയത്തില്‍ സ്ഥാപിച്ചിരിക്കുന്ന നിത്യസഹായ മാതാവിന്റെ മൂലചിത്രത്തിന്റെ ഒരു പതിപ്പ് മോണ്‍ ജോസഫ് പൈനുങ്കലച്ചന്‍ റോമില്‍നിന്നും കൊണ്ടു വന്നിരുന്നു. പ്രസ്തുത ചിത്രവുമായി അദ്ദേഹം വഞ്ചിയില്‍ കായലിലൂടെ പോകുന്ന സമയത്ത് വഞ്ചി ചാത്തമ്മ ഭാഗത്ത് എത്തിയപ്പോള്‍, എത്ര തുഴഞ്ഞിട്ടും മുന്നോട്ടു പോകാതെ അവിടെതന്നെ നില്‍ക്കുകയും, തല്‍ഫലമായി നിത്യസഹായ മാതാവിന്റെ ചിത്രം ചാത്തമ്മയില്‍ സ്ഥാപിക്കുവാന്‍ അദ്ദേഹം തീരുമാനിക്കുകയുമായിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു.

മരിയഭക്തരായ ധാരാളം വൈദികര്‍ നിത്യസഹായ മാതാവിനോടുള്ള ഭക്തി കേരളകരയില്‍ പ്രചരിപ്പിക്കുവാന്‍ അഹോരാത്രം പരിശ്രമിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും വലിയ നാഴികകല്ലായി മാറിയത് ദിവ്യരക്ഷക സന്യാസവൈദികരുടെ വരവാണ്. ഒമ്പതാം പീയൂസ് മാര്‍പാപ്പയുടെ കല്‍പന ശിരസാ വഹിച്ചുകൊണ്ട്, അവര്‍ ധ്യാനിപ്പിക്കുന്ന ഇവകകളില്‍ നിത്യസഹായ മാതാവിന്റെ ഭക്തി പ്രചരിപ്പിക്കുവാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതില്‍ എടുത്തു പറയേണ്ടത്, ആഡ്രൂസ് മഗായി എന്ന അയര്‍ലാന്റുകാരനായ വൈദികന്‍ 1958-ല്‍, എര്‍ണാകുളത്തെ വി. ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ പാലായിലെ സെന്റ് മേരീസ് ദേവാലയം (ളാലം പഴയപള്ളി) തുടങ്ങിയ ഏതാനും ദേവാലയങ്ങളില്‍ ധ്യാനിപ്പിക്കുയും നിത്യസഹായ മാതാവിനോടുള്ള നൊവേനാ ഭക്തി ആരംഭിക്കുകയും ചെയ്തതാണ്. ഇന്നും എല്ലാ ശനിയാഴ്ചകളിലും ആയിരങ്ങള്‍ ഈ ദേവാലയങ്ങളില്‍ നടത്തപ്പെടുന്ന നൊവേനകളില്‍ ഭക്തിപൂര്‍വ്വം പങ്കെടുത്ത് മാതാവിന്റെ അനുഗ്രഹം പ്രപിക്കുന്നു.