ഞങ്ങള്‍ക്ക് പള്ളിക്കുള്ളില്‍ അടച്ചിരിക്കാന്‍ കഴിയില്ല, പോരാട്ടം അത്യാവശ്യം: മ്യാന്‍മറില്‍ നിന്ന് കന്യാസ്ത്രീകളുടെ ശബ്ദം ഉയരുന്നു

മ്യാന്‍മറില്‍ പട്ടാളഭരണകൂടത്തെ ഞെട്ടിച്ചുകൊണ്ട് ജനാധിപത്യത്തിന് വേണ്ടി വാദിക്കുന്ന പ്രക്ഷോഭകാരികള്‍ക്ക് നേതൃത്വം കൊടുക്കുന്നവരില്‍ മുമ്പന്തിയിലുള്ളത് കത്തോലിക്കാ സന്യാസിനിമാര്‍. ജനാധിപത്യത്തിന് വേണ്ടി തെരുവില്‍ ഇറങ്ങാന്‍ മടിയില്ലാതായിരിക്കുകയാണ് അവര്‍. ഞങ്ങള്‍ക്ക് ഞങ്ങളുടെ പള്ളികളില്‍ അടച്ചുപൂട്ടിയിരിക്കാന്‍ കഴിയില്ല, ഞങ്ങള്‍ക്ക് പോരാടിയേ മതിയാവൂ.

പോരാട്ടങ്ങള്‍ക്ക് മുമ്പന്തിയിലുള്ളസിസ്റ്റര്‍ റെബേക്ക കായ് ടി പറയുന്നു. മ്യാന്‍മറിലെ എല്ലാവരെയും പോലെ നിലവിലുള്ള സാഹചര്യങ്ങളോട് കത്തോലിക്കരും രോഷാകുലരാണെന്ന് സിസ്റ്റര്‍ പറയുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് വളരെ നിര്‍ഭാഗ്യകരമായ അവസ്ഥയാണ്. ഫെബ്രുവരി ഒന്നിന് ഞങ്ങള്‍ ഉണര്‍ന്നെണീറ്റത് അശുഭകരമായ ഒരു വാര്‍ത്തയോടെയാണ്. അതാരും പ്രതീക്ഷിച്ചിരുന്നതല്ല. ഞങ്ങളുടെ രാജ്യം ജനാധിപത്യത്തിന്റെ പാതയിലായിരുന്നു. ഇപ്പോള്‍ അത് പട്ടാളഭരണത്തിലേക്ക് പോയിരിക്കുന്നു. ഞങ്ങള്‍ക്ക് പട്ടാളത്തെ ഭയമാണ്. അവരുടെ കൈയില്‍ ആയുധമുണ്ട്.

പക്ഷേ അവരുടെ ആയുധങ്ങളുടെ ശക്തിയെക്കാള്‍ വലുതാണ് ഞങ്ങളുടെ ശക്തി. മ്യാന്‍മറില്‍ എന്തുസംഭവിച്ചാലും അത് സന്യസ്തരെയും ബാധിക്കും. മുന്‍കാലങ്ങളിലും മനുഷ്യാവകാശങ്ങള്‍ ഇവിടെ നിഷേധിക്കപ്പെട്ടിരുന്നു. പള്ളിക്കുള്ളില്‍ അടച്ചുപൂട്ടിയിരുന്ന് പ്രാര്‍ത്ഥിക്കാന്‍ ഞങ്ങള്‍ക്കാവില്ല. ഞങ്ങള്‍ക്ക് പ്രവര്‍ത്തിക്കണം. ജനങ്ങളുടെ ഒപ്പമായിരിക്കണം. സിസ്റ്റര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.