മ്യാന്‍മറിലെ തെരുവില്‍ ഞാനും മുട്ടുകുത്തുന്നു,അക്രമം അവസാനിപ്പിക്കൂ: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: മ്യാന്‍മറിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ വീണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന. മ്യാന്‍മറിലെ തെരുവില്‍ മുട്ടുകുത്തി നിന്ന് ഞാനും പറയുന്നു, അക്രമം അവസാനിപ്പിക്കൂ. സംവാദത്തിന് തയ്യാറാകൂ. മ്യാന്‍മറിലെ കത്തോലിക്കാ കന്യാസ്ത്രീ സിസ്റ്റര്‍ അന്ന റോസ നു ടവാങിന്‌റെ ധീരോദാത്തമായ പ്രവൃത്തിയെ പരാമര്‍ശിച്ചുകൊണ്ടാണ് പാപ്പായുടെ ഈ വാക്കുകള്‍.

ഫെബ്രുവരി 28 നാണ് ലോകത്തെ തന്നെ ആഴത്തില്‍ സ്പര്‍ശിച്ച ആ ദൃശ്യം പകര്‍ത്തപ്പെട്ടത്. മ്യാന്‍മറിലെ പട്ടാളത്തിന് മുമ്പില്‍ സമാധാനാഭ്യര്‍ഥനയുമായി മുട്ടുകുത്തുന്ന സന്യാസിനി. എല്ലാവിധത്തിലുള്ള അപകടത്തെയും അവഗണിച്ചുകൊണ്ടായിരുന്നു സിസ്റ്റര്‍ മുട്ടുകുത്തി പട്ടാളത്തോട് വെടിവയ്ക്കരുതെന്ന് അപേക്ഷിച്ചത്. എന്റെ കുട്ടികളെ കൊല്ലരുത് വേണമെങ്കില്‍ നിങ്ങള്‍ എന്നെ വെടിവച്ചോളൂ എന്ന സിസ്റ്ററുടെ വാക്കുകള്‍ ലോകം മുഴുവനുമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. മ്യാന്‍മറില്‍ സമാധാനം പുലരേണ്ടതിനെക്കുറിച്ച് ഇതിനകം പലതവണ ഫ്രാന്‍സിസ് മാര്‍പാപ്പ ശബ്ദമുയര്‍ത്തിയിരുന്നു.