വെടിവയ്ക്കരുതേ.. പട്ടാളത്തിന് മുമ്പില്‍ മറ്റുള്ളവരുടെ ജീവനു വേണ്ടി അപേക്ഷിച്ച് മുട്ടുകുത്തുന്ന കന്യാസ്ത്രീയുടെ ചിത്രം വൈറലാകുന്നു.

യങ്കൂണ്‍: മ്യാന്‍മറില്‍ നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറിയിരിക്കുന്നത്.ഭരണം പിടിച്ചെടുത്ത പട്ടാളത്തിന് മുമ്പില്‍ വെടിവയ്പ്പും അക്രമവും അവസാനിപ്പിക്കണമേയെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് മുട്ടുകുത്തിനില്ക്കുന്ന സിസ്റ്റര്‍ ആന്‍ റോസ് നു തവാങ്ങിന്റേതാണ് ഈ ചിത്രം. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സിസ്റ്റര്‍ ആന്‍ റോസ് പട്ടാളത്തിന് മുമ്പില്‍ സഹായാഭ്യര്‍ത്ഥനയുമായി എത്തിയത്. കുട്ടികളെ ഒന്നും ചെയ്യരുതേ പകരം എന്റെ ജീവനെടുത്തുകൊള്ളൂ എന്നായിരുന്നു സിസ്റ്ററുടെ അപേക്ഷ.

ആ അപേക്ഷയ്ക്ക് മുമ്പില്‍ ആദ്യം ഒന്ന് പരുങ്ങിയെങ്കിലും പട്ടാളം പ്രക്ഷോഭകരെ വെടിവയ്ക്കുകയാണ് ചെയ്തത്. സിസ്റ്ററുടെ മുന്നിലാണ് ഒരു ചെറുപ്പക്കാരന്‍ വെടിയേറ്റ് മരിച്ചുവീണത്. അന്നേ ദിവസം നടന്ന വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായും ആകെ അറുപതോളം പേര്‍ പ്രക്ഷോഭത്തിന്റെ ഭാഗമായി കൊല്ലപ്പെട്ടതായിട്ടുമാണ് കണക്കുകള്‍.

ഫെബ്രുവരി 28 നും പട്ടാളത്തിന് മുമ്പില്‍ സിസ്റ്റര്‍ ആന്‍ സമാധാനാപേക്ഷയുമായി മുട്ടുകുത്തിയിരുന്നു.