ഫ്രഞ്ച് കത്തീഡ്രലില്‍ അഗ്നിബാധ; തീ വച്ചതാണെന്ന് സംശയം

പാരീസ്: സെന്റ് പീറ്റര്‍ ആന്റ് സെന്റ് പോള്‍ കത്തീഡ്രലില്‍ അഗ്നിബാധയുണ്ടായത് സംശയാസ്പദം. അക്രമികള്‍ മനപ്പൂര്‍വ്വം ദേവാലയത്തിന് തീ കൊളുത്തിയതാണെന്നാണ് നിലവിലുള്ള സംശയം. ശനിയാഴ്ച രാവിലെയാണ് ദേവാലയത്തില്‍ തീപിടുത്തമുണ്ടായത്. പതിനാറാം നൂറ്റാണ്ടില്‍ പണികഴിപ്പിക്കപ്പെട്ട ദേവാലയത്തിലെ റോസ് ജനാലകളും ക്വയര്‍ ഓര്‍ഗനും സാരമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

ദേവാലയത്തില്‍ എങ്ങനെ അഗ്നിബാധയുണ്ടായി എന്നതിനെക്കുറിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടില്ലെങ്കിലും ആസൂത്രിതമായ അക്രമത്തിന്റെ സാധ്യത അന്വേഷണസംഘം തള്ളിക്കളയുന്നില്ല. നോട്രഡാം ദേവാലയത്തിലുണ്ടായതുപോലെ മാരകമല്ല ഈ അഗ്നിബാധയെന്നാണ് പൊതുനിഗമനം.പതിനഞ്ച് മാസം മുമ്പാണ് ചരിത്രപ്രസിദ്ധമായ നോത്രദാം കത്തീഡ്രലില്‍ അഗ്നിബാധയുണ്ടായത്. 1971 ലുണ്ടായ അഗ്നിബാധയിലും ദേവാലയത്തിന് നാശനഷ്ടം സംഭവിച്ചിരുന്നു.