ദൈവവുമായുള്ള ബന്ധം മനുഷ്യന്റെ മഹത്വം: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ദൈവവുമായുള്ള ബന്ധം മനുഷ്യന്റെ മഹത്വമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രാര്‍ത്ഥനയെക്കുറിച്ചുള്ള പ്രഭാഷണപരമ്പരയില്‍ ഇന്നലെ പൊതുദര്‍ശന വേളയില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

ജീവിതം ചിലപ്പോഴെങ്കിലും തിക്താനുഭവങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. അത്തരം നിമിഷങ്ങളില്‍ ഒരു പൂവിനെക്കുറിച്ച, ആകാശത്തെക്കുറിച്ച്, അസ്തമയത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ദൈവത്തോടുള്ള കൃതജ്ഞത നിറയുന്നു. വേദപുസ്തകം തയ്യാറാക്കപ്പെട്ടിരുന്ന കാലത്ത് ഇസ്രായേല്‍ ജനത സന്തോഷകരമായ അനുഭവത്തിലൂടെയായിരുന്നില്ല കടന്നുപൊയ്‌ക്കൊണ്ടിരുന്നത്. എങ്കിലും അവര്‍ ദൈവത്തിന് നന്ദിപറയാന്‍ അവസരം കണ്ടെത്തി. പ്രാര്‍ത്ഥന പ്രത്യാശയുടെ വാതില്‍ തുറക്കുന്നു. നിരാശയെക്കാള്‍ ശക്തമാണ് പ്രത്യാശ. മരണത്തെക്കാള്‍സ്‌നേഹം ശക്തമാണ്.

പ്രാര്‍ത്ഥന നമുക്ക് വെളിച്ചം നല്കുന്നു. നാം ഇന്ന് നിലനില്ക്കുന്നു എന്നതുകൊണ്ടുതന്നെ ദൈവത്തോട് നന്ദിപറയണം. ദൈവത്തിന്റെ കയ്യൊപ്പ് സൃഷ്ടിയില്‍ മുഴുവനുമുണ്ട്. അതു കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനും മനോഹര പ്രാര്‍ത്ഥനയാകുന്ന നന്ദി പറയാനും നമ്മെ പ്രാപ്തരാക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.