നോക്കൂ, ആഴ്ചയുടെ ആദ്യദിവസമായ അന്ന് വൈകിട്ട് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുകയാണ് ആ ശിഷ്യന്മാര്‍. ഇത്രയും വലിയൊരു ശൂന്യത അവര്‍ ജീവിതത്തില്‍ ഇതിന് മുമ്പൊരിക്കലും അനുഭവിച്ചിട്ടുണ്ടാവില്ല. അവര്‍ക്കെവിടെയാണ് പ്രതീക്ഷിക്കാനുള്ളത്.?ശൂന്യമായ കല്ലറയായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. കല്ലറയില്‍ ക്രിസ്തുവുണ്ടായിരുന്നുവെങ്കില്‍ പിന്നെയും അവര്‍ക്ക് ജീവിതത്തിന്റെ അര്‍ത്ഥമുണ്ടാകുമായിരുന്നു. ഒരു സ്മാരകം ക്രിസ്തുവിനായി പണിത് പിന്നെ അതിന്റെ പേരില്‍ജീവിക്കാമായിരുന്നു. ഇ്‌പ്പോഴാവട്ടെ ഒന്നുമില്ല.സമാനമായ അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ളവരായിരിക്കാം ചിലപ്പോഴെങ്കിലും നീയും ഞാനും. നമ്മുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരിക്കുന്നു.
മുകളില്‍ എഴുതിയതുപോലെ പ്രഭാതങ്ങളെ പോലും ഭയക്കുന്ന രാവുകള്‍ ജീവിതത്തില്‍ അപൂര്‍വ്വങ്ങളൊന്നുമല്ല. നാം കടന്നുപോകുന്ന നിഷ്‌ക്രിയതയുടെയും നിരാശതയുടെയും ആഴങ്ങള്‍ ഭീകരമായിരിക്കും. അത്തരം അവസ്ഥയിലൂടെ നമുക്ക് മുന്നേ കടന്നുപോയവരായിരുന്നു ശിഷ്യന്മാര്‍.
ഈ അവസ്ഥയിലാണ് ശിഷ്യന്മാര്‍ക്ക് നടുവിലേക്ക് ക്രിസ്തുവിന്റെ കടന്നുവരവ്. മധ്യേ നിന്ന് അവരോട് ക്രിസ്തുപറഞ്ഞത് ഒരൊറ്റ വാചകം. നിങ്ങള്‍ക്ക് സമാധാനം. ക്രിസ്തു എപ്പോഴും കടന്നുവരുന്നത് നമുക്കിടയിലേക്കാണ്, നമ്മുടെ മധ്യത്തിലേക്കാണ്. കൂടാതെ, പ്രതിസന്ധികളുടെ നിസ്സഹായതയുടെ നിരാശയുടെ, അപമാനങ്ങളുടെ എല്ലാം അവസാനത്തിലുമാണ് ക്രിസ്തു കടന്നുവരുന്നത്. കാനായിലെ കല്യാണ വീട്ടില്‍ വീഞ്ഞ് തീര്‍ന്നുപോയപ്പോഴായിരുന്നു അത്. കാറ്റും കോളും നിറഞ്ഞ് വഞ്ചി മറിയാന്‍ തുടങ്ങിയപ്പോഴായിരുന്നു അത്. ലാസര്‍ മരിച്ച് അടക്കപ്പെട്ടുക്കഴിഞ്ഞപ്പോഴായിരുന്നു അത്.
വിധവയുടെ മകനും ജായ്‌റാസിന്റെ മകളും മരിച്ചുകഴിഞ്ഞപ്പോഴായിരുന്നു അത്.ഒരു മനുഷ്യന്റെയും നല്ലകാലത്തില്‍, നല്ല തോന്നലില്‍, ക്രിസ്തു കടന്നുവരാത്തതുപോലെ തോന്നിയിട്ടുണ്ട്. വീഞ്ഞുതീര്‍ന്നുപോയില്ലായിരുന്നുവെങ്കില്‍ അവിടെ ക്രിസ്തുവിന് ഇടപെടാന്‍ കഴിയുമായിരുന്നില്ല. വഞ്ചി മറിഞ്ഞില്ലായിരുന്നുവെങ്കില്‍ ക്രിസ്തു കടലിനെ ശാസിക്കുമായിരുന്നില്ല. ജീവിതത്തില്‍ ചില നിഷേധാത്മക അനുഭവങ്ങളും സംഭവങ്ങളും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. വീഞ്ഞുതീര്‍ന്നുപോകണം, കാറ്റും കോളും ഉണ്ടാകണം. ചിലതൊക്കെ മരിച്ചുവീഴണം. രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ടാവശ്യമെന്ന് അവന്‍ പണ്ടേ പറഞ്ഞിട്ടുണ്ട്.നിരാശയുടെ അവസാനത്തില്‍ നിന്നാണ ്ജീവിതം നാം തിരിച്ചുപിടിക്കേണ്ടത്. അതുകൊണ്ട് തന്നെ നമുക്കിനിയും പുതുതായി തുടങ്ങാന്‍ പലതുമുണ്ട്.
പ്രതിസന്ധി ഒന്നിന്റെയും അവസാനമല്ല.് ക്രിസ്തുവിന്റെ ഉയിര്‍ത്തെണീല്പിനെക്കാള്‍ ശിഷ്യന്മാര്‍ക്കായുള്ള പ്രത്യക്ഷപ്പെടല്‍ വ്യക്തിപരമായി , ആശയപരമായി പ്രധാനപ്പെട്ടതാകുന്നത് ഇവിടെയാണ്.്.ചില സന്തോഷങ്ങളില്‍ പങ്കുചേരാന്‍ നാം ഉണ്ടാവണമെന്നില്ല. ഒറ്റപ്പെട്ടതുപോലെ നമുക്ക് തോന്നിയേക്കാം. വിവാഹവിരുന്നില്‍ ചിലര്‍ക്കൊക്കെ മുന്തിയ പരിഗണന.
ശമ്പളവര്‍ദ്ധനവും പ്രമോഷനും ചിലര്‍ക്ക് മാത്രവും. അല്ലെങ്കില്‍ ചിലവീടുകളില്‍ എത്തുമ്പോള്‍ ലഭിക്കുന്നത് അത്ര നല്ല സ്വീകരണവുമായിരിക്കില്ല. വേദന തോന്നാം. അപമാനവും.തിരസ്‌കൃതനായതിന്റെ വേദന വലുതാണ്. ആ വേദന തോമസ് അനുഭവിച്ചിരുന്നു. പക്ഷേ ചില സന്തോഷങ്ങള്‍ നമുക്കുവേണ്ടി മാത്രമായി രൂപപ്പെട്ടെന്നിരിക്കും.ചിലതിന് നാം മാത്രം പ്രത്യേകമായി സാക്ഷികളുമാകും. തോമസിന് മാത്രം ലഭിച്ച പ്രിവില്ലേജുപോലെ..സ്വഭാവികമായും തനിക്ക് അന്ന് നഷ്ടപ്പെട്ടുപോയ ആ അവസരത്തെയോര്‍ത്ത്- ക്രിസ്തുവിനെ കണ്ടത്- തോമസ് അസ്വസ്ഥതപ്പെട്ടിട്ടുണ്ടാകാം.
അയാളുടെആ അസ്വസ്ഥതയെ,സങ്കടത്തെ ക്രിസ്തു വലുതായി കണ്ടു. ഒറ്റപ്പെട്ടുപോകുന്നവരുടെയെല്ലാം സങ്കടങ്ങള്‍ക്ക് ക്രിസ്തു കുട്ടായുണ്ട്. അവഗണിക്കപ്പെട്ടുപോയവരുടെയെല്ലാം ചുമലില്‍ അവന്‍ കൈകള്‍വച്ചു നടക്കുന്നുണ്ട്.അതുകൊണ്ട് ചില ഒറ്റപ്പെടലുകള്‍, സ്‌നേഹിക്കുന്നവരില്‍ നി്ന്നുണ്ടാകുന്ന നന്ദികേടും കുത്തുവാക്കുകളും നിന്ദാവചനങ്ങള്‍ പോലും നാളെ അനുഗ്രഹമായിമാറാം. സ്ങ്കടപ്പെടരുത്. ഒരു തോമസാകാനുള്ള സാധ്യതകള്‍ എനിക്കോ നിനക്കോ തള്ളിക്കളയാനാവില്ല. അതൊരു ഭാഗ്യമാണ്,പ്രത്യേകമായ വിളിയും. കേട്ടില്ലേ ക്രിസ്തു തോമസിനോട് പറഞ്ഞത്, നിന്റെ വിരല്‍ ഇവിടെ കൊണ്ടുവരിക, എന്റെ കൈകള്‍കാണുക, നിന്റെ കൈ നീട്ടി എന്റെ പാര്‍ശ്വത്തില്‍ വയ്ക്കുക.അതായത് ക്രിസ്തുവിന്റെ സാന്നിധ്യവും സാമീപ്യവും അനുഭവിക്കാനും അവന്റെ സ്പര്‍ശം അറിയാനും നാം അവന്റെ അടുക്കല്‍ വരികയും അവന്റെ കൈകള്‍ കാണുകയും അവന്റെ പാര്‍ശ്വത്തില്‍ കൈകള്‍ വയ്ക്കുകയും വേണമെന്ന്. അതെ വരിക, കാണുക, വയ്ക്കുക. മൂന്നു ക്രിയകള്‍. ഒരു ക്രിസ്ത്യാനി ചെയ്യേണ്ടത് ഈ മൂന്നുകാര്യങ്ങളാണ്. ഇവിടെയാണ് അവന്റെ ജീവിതത്തിന്റെ ടേണിംങ് പോയിന്റ് .പിന്നെയൊരിക്കലും അവന്റെ ജീവിതം പഴയതുപോലെയാവുകയില്ല. പുതിയ തുടക്കം. പുതിയ രീതികള്‍. അവന്‍ പുതുതായി ജനിക്കുകയാണ്.കണ്ടതുകൊണ്ട് വിശ്വസിക്കുന്നവരായിരിക്കാം നമ്മളില്‍ പലരും. അത് നമ്മുടെ കുറവായി കാണേണ്ടതില്ല എന്ന് തോന്നുന്നു. വരികയും കാണുകയും വയ്ക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് സംഭവിക്കുന്ന സ്വഭാവിക പരിണാമമാണ് വിശ്വാസിയാകുക എന്നത്. അതൊരു അനിവാര്യതയാണ്. വരികയും കാണുകയും വയ്ക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് വിശ്വാസിയാകാതിരിക്കാനാവില്ല.നല്ല കത്തോലി്ക്കാകുടുംബത്തില്‍ ജനിച്ച് വളര്‍ന്ന കുട്ടുകാരിലൊരുവന്‍ ഇപ്പോള്‍ മതവും വേണ്ട ദൈവവും വേണ്ട എന്ന ലൈനിലാണ്. ബൈബിള്‍ അവനെ സംബന്ധിച്ച് അസംബന്ധപുസ്തകമാണ്.
ആബേല്‍ കൊല്ലപ്പെടുകയും കായേനും ആദവും ഹവ്വയും മാത്രമകുകയും ചെയ്ത ഭൂമിയില്‍ പിന്നെയെങ്ങനെ മറ്റ് മനുഷ്യരുണ്ടായി എന്ന്, അവന്‍ അഗമ്യഗമനത്തെ വരവുവച്ചുഇങ്ങനെയൊരു പുസ്തകത്തെ വിശ്വസിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളതെന്ന് ചോദിച്ചു എന്നെ നിശ്ശബ്ദനാക്കി. എന്റെ ബുദ്ധിക്കതീതമായ കാര്യങ്ങളെക്കുറിച്ച് ഞാന്‍ അധികമായി തലപുകയ്ക്കാറില്ല എന്ന ഒഴുക്കന്‍ മറുപടി നല്കിക്കൊണ്ട് തുടര്‍ന്നുപറഞ്ഞത് ഇതാണ്.’ദൈവമില്ലെന്ന് വിശ്വസിച്ചുകൊണ്ട് നന്മപ്രവൃത്തികള്‍ ചെയ്ത് നല്ലതുപോലെയാകാം നീ ജീവിക്കുന്നത്.
പക്ഷേ ദൈവമുണ്ടെന്ന് വിശ്വസിച്ചിട്ടും പലപ്പോഴും ദൈവത്തിന് ഇഷ്ടപ്പെടാത്ത ചെറ്റത്തരങ്ങള്‍ പലതും കാണിച്ചാണ് ഞാന്‍മ ുന്നോട്ടുപോകുന്നത്. എങ്കിലും എനിക്ക് ദൈവത്തെ വേണം. ഈ ലോകത്തില്‍ എനിക്ക് ജീവിക്കാന്‍ ദൈവം വേണം. കാരണം അടച്ചിട്ട മുറിയില്‍ എന്റെ അടുക്കലെത്തി എന്നോട് അവന്‍ സംസാരിച്ചിട്ടുണ്ട്. എന്റെ മനസിന്റെ ജാലകങ്ങള്‍ അവന്‍ തുറന്നു തന്നിട്ടുണ്ട്. എനിക്ക് അവനെ വേണം. എന്റെ ദൈവത്തെ. ഇനി ഒരുപക്ഷേ ദൈവമില്ലെങ്കില്‍ പോലും എനിക്ക് ദൈവത്തെ വേണം. ദൈവം ഇല്ലെന്ന് വിശ്വസിക്കാന്‍ മാത്രം ഞാനൊരിക്കലും ആളായിട്ടില്ല’ എന്റെ മറുപടി കേട്ട് അവന്‍ ചിരിച്ച ചിരി ഇപ്പോഴും എന്റെ കാതുകളിലുണ്ട്. പുച്ഛം കലര്‍ന്ന ഭാവം കണ്ണുകളിലും. ഓ എന്റെ കര്‍ത്താവേ എന്റെ ദൈവമേ! നിന്നില്‍ അല്ലാതെ ഞാന്‍ മറ്റാരെ ആശ്രയിക്കും. നീയല്ലാതെ മറ്റെന്തുള്ളൂ എനിക്ക്?
വിനായക് നിര്മ്മല്